ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ യാസീന് ഭട്കലടക്കം അഞ്ച് പേര്‍ക്ക് വധശിക്ഷ
2013 ഫെബ്രുവരി 21ന് ഹൈദരാബാദിലെ ദില്‍ശുഖ്‌നഗറിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 19 പേര്‍ മരിക്കുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
2013ലെ ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ യാസീന്‍ ഭട്കല്‍ അടക്കം അഞ്ചു പേര്‍ക്ക് വധശിക്ഷ. അസദുല്ല അക്തര്‍ എന്ന ഹദ്ദി, മുഹമ്മദ് അഹ്മദ് സിദ്ദിബാബ, തഹ്‌സീന്‍ അക്തര്‍ എന്ന മോനു, അജാസ് ശൈഖ്, പാകിസ്താന്‍കാരനായ സിയാവുര്‍റഹ്മാന്‍ എന്ന വഖാസ് എന്നിവരാണ് യാസീന്‍ ഭട്കലിനെ കൂടാതെയുള്ള പ്രതികള്‍. 2013 ഫെബ്രുവരി 21ന് ഹൈദരാബാദിലെ ദില്‍ശുഖ്‌നഗറിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 19 പേര്‍ മരിക്കുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ച കേസില്‍ ആറു ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.
മുഖ്യപ്രതി ഷാ റിയാസ് അഹ്മദ് മുഹമ്മദ് ഇസ്മാഈല്‍ ഷാബന്ദരി എന്ന റിയാസ് ഭട്കലിനെ പിടികൂടാനായിട്ടില്ല. യാസീന്‍ ഭട്കലിനെയും അസദുല്ല അക്തറിനെയും സ്‌ഫോടനമുണ്ടായി ആറു മാസത്തിനുശേഷം ബിഹാറിലെ നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്തുനിന്നാണ് പിടികൂടിയത്. മറ്റുള്ളവര്‍ പിന്നീട് അറസ്റ്റിലായി. ഇവര്‍ക്കെതിരെ രണ്ടു ഘട്ടങ്ങളിലായാണ് എന്‍.ഐ.എ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത്. ഒരുവര്‍ഷമായി ഹൈദരാബാദിലെ ചെര്‍ലപ്പള്ളി സെന്‍ട്രല്‍ ജയിലിലെ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ നടന്നുവരുകയായിരുന്നു. 158 സാക്ഷികളെ വിസ്തരിച്ച എന്‍.ഐ.എ 201 തെളിവുകളും 500 ഓളം രേഖകളും കോടതിയില്‍ ഹാജരാക്കി.