നീതി നിഷേധത്തിന്‍റെ ഒരാണ്ട്; ഇന്ന് രോഹിത് വെമുലയുടെ ഒന്നാം രക്തസാക്ഷിത്വ ദിനം

Update: 2018-04-30 17:07 GMT
നീതി നിഷേധത്തിന്‍റെ ഒരാണ്ട്; ഇന്ന് രോഹിത് വെമുലയുടെ ഒന്നാം രക്തസാക്ഷിത്വ ദിനം
Advertising

തുളുമ്പി ചിരിക്കുന്ന മുഖമുള്ള രോഹിത് നിന്റെ മരണത്തിന്റെ രാഷ്ട്രീയം വിജയിക്കട്ടെ.

മരണത്തിലൂടെ ജനിച്ചവനായിരുന്നു രോഹിത് വെമുല. കഴിഞ്ഞ ഒരാണ്ട് രാജ്യത്തെ ദളിത് ന്യൂനപക്ഷ അവകാശ പോരാട്ടങ്ങള്‍ക്ക് രോഹിതിന്റെ ആത്മഹത്യ കാരണവും ഊര്‍ജ്ജവുമായി. ഭരണകൂട ഫാസിസ്റ്റ് നിലപാടുകള്‍ക്ക് എതിരെ ക്യാമ്പസുകളിലും പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളും സമവാക്യങ്ങളും രൂപപ്പെട്ടു. 1985-ലെ സംവരണ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ദളിത് ചെറുത്ത് നില്പിന്റെ പോരാട്ട വീര്യം ദര്‍ശിച്ച വര്‍ഷമായിരുന്നു കടന്ന് പോയത്. ആ സ്വത്വബോധ ഉണര്‍വിന് രോഹിതിന് ജീവന്‍ വെടിയേണ്ടി വന്നു എന്നുമാത്രം.

ഇന്ന് രോഹിത് വെമുലയുടെ ഒന്നാം രക്തസാക്ഷിത്വ ദിനം. 2016 ജനുവരി പതിനേഴിന് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഹോസ്റ്റലില്‍, ദളിത് വിദ്യാര്‍ത്ഥി രോഹിത് തൂങ്ങി മരിക്കുകയാണുണ്ടായത്. ദളിതനായി പിറന്നു പോയതിന്റെ പേരില്‍ മിടുക്കനായ ആ വിദ്യാര്‍ത്ഥിയെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശരികേടുകള്‍ കൊലക്ക് കൊടുക്കുകയായിരുന്നു.

Full View

ഹൈദരാബാദ് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ അപ്പറാവുവിന്റെ നീതിനിഷേധമാണ് രോഹിത് വെമുലയെ മരണത്തിലേക്ക് നയിച്ചത്. ആ നീതി നിഷേധം പഠനത്തില്‍ പുറകില്‍ നിന്നത് കൊണ്ടോ മോശം സ്വഭാവം കൊണ്ടോ ആയിരുന്നില്ല. മറിച്ച് ജന്മം കൊണ്ട് അവനൊരു ദളിതനായിരുന്നു എന്നത് കൊണ്ടാണ്. 1970 മുതല്‍ ഇങ്ങോട്ട് 12 ഓളം ദളിത് വിദ്യാര്‍ത്ഥികള്‍ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ജാതി പീഡനത്തിന്റെ ഇരകളായി ജീവനൊടുക്കി. മികച്ച പഠന നിലവാരമുള്ളവരുടെ മാര്‍ക്ക് വെട്ടിക്കുറക്കുക, ഗവേഷണത്തിന് ഗൈഡിനെ നല്‍കാതിരിക്കുക, ഹോസ്റ്റലില്‍ പോലും ഒറ്റപ്പെടുത്തുക അങ്ങനെ അധ്യാപകരുടെയും സഹപാഠികളുടെയും നിരന്തര പീ‍ഡനത്തിനും അവഹേളനത്തിനും ഇരകളാക്കപ്പെട്ടാണ് അവര്‍ മരണത്തിലേക്ക് പോയത്.

പക്ഷെ ആ മരണത്തെ രോഹിത് രാഷ്ട്രീയ പാഠമാക്കി. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ രോഹിത് വെമുലയായി തെരുവിലിറങ്ങി. അവര്‍ ദളിത് രാഷ്ട്രീയം സംസാരിച്ചു. രോഹിത്തിന് മരണ ശേഷവും നീതി ലഭിച്ചില്ലെന്നുള്ളതാണ് വസ്തുത. അമ്മ രാധിക വെമുല ഇപ്പോഴും നീതിക്കായുള്ള പോരാട്ടത്തിലാണ്. ആ പോരാട്ടം മകന് വേണ്ടി മാത്രമല്ല, തന്റെ ജാതിയില്‍ പെട്ട മുഴുവനാളുകളും സര്‍വ്വകലാശാലയില്‍ തുടങ്ങി, സമസ്ത മേഖലകളിലും തലയുയര്‍ത്തി നില്‍ക്കുന്നതിന് വേണ്ടി കൂടിയാണ്.

തുളുമ്പി ചിരിക്കുന്ന മുഖമുള്ള രോഹിത് നിന്റെ മരണത്തിന്റെ രാഷ്ട്രീയം വിജയിക്കട്ടെ.

Full View
Tags:    

Similar News