ബിജെപിയെ പരാജയപ്പെടുത്താൻ കോണ്‍ഗ്രസുമായി ധാരണയാകാമെന്ന് യെച്ചൂരി
ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം
സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊല്ലത്ത് തുടക്കമായി. സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇടത്പക്ഷകക്ഷികളുടെ നേതാക്കള്‍ ഉദ്ഘാടനസമ്മേളനത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതരകക്ഷികളുമായി ധാരണയാകാമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
മുതിര്‍ന്ന നേതാവ് സി.എ കുര്യൻ പതാക പ്രതിനിധി സമ്മേളനവേദിയായ എബി ബര്‍ദാന്‍ നഗറില്‍ പതാകയുയര്‍ത്തി. സിപിഐഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞതോടെ സിപിഎമ്മിന്റെയും സിപിഐയുടെയും നിലപാടുകള്‍ തമ്മില്‍ കൂടുതല്‍ അടുപ്പമുണ്ടായിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണത്തെ കുറിച്ച് ചിന്തിക്കാനുള്ള സമയമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സുധാകര്‍ റെഡ്ഡി പറഞ്ഞു. മുഖ്യശത്രു ബിജെപിയാണെന്ന് ആവർത്തിച്ചു കൊണ്ടായിരുന്നു സീതാറാം യെച്ചൂരി പ്രസംഗം ആരംഭിച്ചത്.
തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടിയുമായൊക്കെ ധാരണയാകാമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിന്റെ സമയമാണെന്നും യെച്ചൂരിയും പ്രതികരിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ റിപ്പോര്‍ട്ടിന്‍മേല്‍ പൊതുചർച്ച നടക്കും. ഞായറാഴ്ച രാവിലെയാണ് പുതിയ ദേശീയ കൗൺസിലിനെ തെരഞ്ഞെടുക്കുക. ഞായറാഴ്ച വൈകിട്ട് ആശ്രമം മൈതാനിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ചുവപ്പ് സേന പരേഡോടെ പാർട്ടി കോൺഗ്രസ് സമാപിക്കും.