ഡല്‍ഹിയില്‍ വീണ്ടും വംശീയ അതിക്രമം; നൈജീരിയക്കാരനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് തല്ലിച്ചതച്ചു
മോഷണശ്രമം ആരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്
ഡല്‍ഹിയില്‍ നൈജീരിയക്കാരനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചു. മോഷണശ്രമം ആരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ രണ്ടാഴ്ച മുന്‍പ് നടന് സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
ആക്രമണത്തിന് ശേഷം നൈജീരിയക്കാരനെതിരെ പ്രദേശവാസി മോഷണക്കുറ്റം ആരോപിച്ച് പരാതി നല്‍കി. മോഷണശ്രമത്തിനിടെ കോണിപ്പടിയില്‍ നിന്ന് താഴെ വീണതുകൊണ്ടാണ് അയാള്‍ക്ക് പരിക്കേറ്റതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ വാദം തെറ്റാണെന്ന് വീഡിയോ തെളിയിക്കുന്നു. തെരുവ് വിളക്കിന്‍റെ പോസ്റ്റിന്മേല്‍ കെട്ടിയിട്ട ശേഷം വടി കൊണ്ട് അടിച്ചുപരിക്കേല്‍പിക്കുന്നത് വീഡിയോയില്‍ കാണാം. ആക്രമിക്കരുതെന്ന് യാചിച്ചിട്ടും ആള്‍ക്കൂട്ടം പിന്മാറിയില്ല.
സംഭവത്തില്‍ നൈജീരിയന്‍ പൌരന്‍ സെപ്തംബര്‍ 24 മുതല്‍ ജയിലിലാണ്. പുതിയ വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ ഇയാളെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.