ബന്ധുക്കള്‍ എന്നെ കൊല്ലും; പെണ്‍കുട്ടിയുടെ വീഡിയോ മരണശേഷം വൈറലാകുന്നു
ഓടുന്ന തീവണ്ടിയുടെ ടോയ്‍ലെറ്റിലിരുന്ന് ഇയര്‍ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടി പറയുന്ന വീഡിയോ പുറത്തുവന്നപ്പോഴേക്കും അവള്‍ മരിച്ചുകഴിഞ്ഞിരുന്നു.
''പിതാവും സഹോദരനും എന്നെ കൊല്ലും, അതിനാണ് അവരെന്നെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നത്.. എന്റെ ജീവന്‍ അപകടത്തിലാണ്... എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ അവരായിരിക്കും. എനിക്ക് ഇമ്രാനെ വിവാഹം കഴിക്കണം.'' ഓടുന്ന തീവണ്ടിയുടെ ടോയ്‍ലെറ്റിലിരുന്ന് ഇയര്‍ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടി പറയുന്ന വീഡിയോ പുറത്തുവന്നപ്പോഴേക്കും അവള്‍ മരിച്ചുകഴിഞ്ഞിരുന്നു.
ചൊവ്വാഴ്ചയാണ് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍ ആയത്. പക്ഷേ വീഡിയോയിലുള്ള സോണിയെന്ന 26കാരി അപ്പോഴേക്കും മരിച്ചിരുന്നു.
വിഡീയോ ക്ലിപ്പ് ശ്രദ്ധയില്‍പ്പെട്ട പൊലീസ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലുള്ള ഹത്രാസ് എന്ന ഗ്രാമത്തില്‍ അന്വേഷണത്തിനെത്തുകയായിരുന്നു. ഈ വീഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സോണിയുടെ മാതാപിതാക്കളും നാലു സഹോദരങ്ങളും അടക്കം ആറു പേര്‍ക്കെതിരായാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത്തിട്ടുള്ളത്. എല്ലാ പ്രതികളും ഒളിവിലാണ്.
യുവതിയുടെ മരണം സ്വഭാവികമാണോ കൊലപാതകമാണോ എന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്. സംസ്കരിച്ച മൃതശരീരം പുറത്തെടുത്ത് പൊലീസ് പോസ്റ്റ്മോര്‍ട്ടം നടത്തി. തുടര്‍ന്ന് സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കയാണ്.
ഏതാനും ദിവസം മുമ്പാണ് സോണി കുടുംബത്തോടൊപ്പം ഗ്രാമത്തില്‍ എത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ്, അവള്‍ മരിച്ചെന്ന് വീട്ടുകാര്‍ പറഞ്ഞത്. കാരണമൊന്നും പറഞ്ഞതുമില്ല. അപ്പോള്‍ സമയം രാവിലെ 5 മണിയായിരുന്നു.. ഞങ്ങള്‍ അവളുടെ വീട്ടിലെത്തി.. തുടര്‍ന്ന് ഇസ്‍ലാമിക ആചാരപ്രകാരം അവളെ മറവുചെയ്തു വെന്ന് പറയുന്നു അയല്‍വാസിയായ മുഹമ്മദ് ഷാഹിദ്.
യുവതി വീഡിയോയില്‍ പറയുന്ന ഇമ്രാനെ അന്വേഷിച്ച് പോലീസ് ടീം മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. വീഡിയോ എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. പക്ഷേ വീഡിയോ ചിത്രീകരിക്കാന്‍ ആരോ യുവതിയെ സഹായിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്.