നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനുമെതിരായ ഹരജി തള്ളി
നാഷണല്‍ ഹെറാള്‍ഡ് ഇടപാട് സംബന്ധിച്ച രേഖകള്‍ നല്‍കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ ഹരജി ഡല്‍ഹി പാട്യാലാ ഹൌസ് കോടതി തള്ളി. കോണ്‍ഗ്രസിന്‍റെ അക്കൌണ്ട് വിവരങ്ങളും ലഡ്ജര്‍ ബുക്കും ഹാജരക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് തള്ളിയത്. സ്വാമിക്ക് ഫെബ്രുവരിന് 10ന് സാക്ഷികളെ ഹാജരാക്കാമെന്ന് കോടതി പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സുബ്രഹ്മണ്യ സ്വാമി പ്രതികരിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നേതാക്കളായ മോത്തിലാല്‍ വോറ, സാം പിത്രോഡ, ഓസ്കര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കി സുബ്രഹ്മണ്യസ്വാമി നല്‍കിയ ഹരജിയാണ് ഇപ്പോള്‍ കോടതി തള്ളിയത്. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോണ്‍ഗ്രസ്സും പത്രത്തിന്‍റെ മാതൃസ്ഥാപനമായ അസോസിയേറ്റ് ജേര്‍ണലും ചേര്‍ന്നാണ് കൈകാര്യം ചെയ്തിരുന്നത്. പത്ര നടത്തിപ്പ് കാലയളവില്‍ കോണ്‍ഗ്രസ്സ് അസോസിയേറ്റ് ജേര്‍ണലിന് 90 കോടി പലിശ രഹിത ലോണ്‍ നല്‍കി. ഇത് സംബന്ധിച്ച തെളിവിനായി കോണ്‍ഗ്രസ്സിന്‍റെ ലഡ്ജര്‍ ബുക്കും അക്കൌണ്ട് രേഖകളും പിടിച്ചെടുക്കണമെന്നായിരുന്നു ഹരജിയില്‍ സുബ്രഹ്മണ്യസ്വാമി ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ലോണ്‍ അനുവദിക്കാന്‍ കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ക്ക് അധികാരമില്ലെന്നും കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് സ്വാമി ആവശ്യപ്പെടുന്നതെന്നും കോണ്‍ഗ്രസ് നേതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി സ്വാമിയുടെ ഹരജി തള്ളിയത്. കേസില്‍ സോണിയക്കും രാഹുലിനും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.