പ്രായം 17, പേര് ഗിന്നി മഹി; പഞ്ചാബ് ദലിതരുടെ മുഴങ്ങുന്ന ശബ്ദം

Update: 2018-05-08 11:11 GMT
പ്രായം 17, പേര് ഗിന്നി മഹി; പഞ്ചാബ് ദലിതരുടെ മുഴങ്ങുന്ന ശബ്ദം
Advertising

ഒരു കാലത്ത് മേല്‍ജാതിക്കാരുടെ സവര്‍ണ മേല്‍ക്കോയ്മക്കു വഴങ്ങി അടിച്ചമര്‍ത്തപ്പെട്ടിരുന്ന വിഭാഗം ആയിരുന്നു ദലിതര്‍.

ഒരു കാലത്ത് മേല്‍ജാതിക്കാരുടെ സവര്‍ണ മേല്‍ക്കോയ്മക്കു വഴങ്ങി അടിച്ചമര്‍ത്തപ്പെട്ടിരുന്ന വിഭാഗം ആയിരുന്നു ദലിതര്‍. ഇന്നും കുറേയൊക്കെ അങ്ങനെ തന്നെയാണ്. എന്നാല്‍ അടുത്തിടെയുണ്ടായ ദലിത് വേട്ട അവരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നു. പ്രതിരോധത്തേക്കാള്‍ നല്ലത് ആക്രമണമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ദലിതര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്.

രാജ്യത്തിന്റെ പലഭാഗത്തും ദലിതര്‍ക്ക് ഓരോ മുഖമുണ്ടെങ്കില്‍ പഞ്ചാബിലെ ദലിതരുടെ മുഴങ്ങുന്ന ശബ്ദമാകുകയാണ് ഗിന്നി മഹിയെന്ന 17 കാരി പെണ്‍കുട്ടി. സ്വാതന്ത്ര്യത്തിനും തുല്യതക്കും വേണ്ടിയുള്ള തന്റെ സമൂഹത്തിന്റെ യുവശബ്ദമാകുകയാണ് ഗിന്നി. ഉനയില്‍ ദലിത് യുവാക്കള്‍ക്ക് നേരെ നടന്ന ക്രൂരതക്കെതിരെ ഗാനങ്ങളിലൂടെ പ്രതിഷേധശബ്ദം ഉയര്‍ത്തിയ ഗിന്നി, ഇന്ന് പഞ്ചാബിലെ ദലിത് സമൂഹത്തിന്റെ നേര്‍ശബ്ദമാണ്. പഞ്ചാബിലെ ജതാവ്‌സ് വിഭാഗക്കാരിയാണ് മഹി. ദലിതരുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് മഹിയുടെ പാട്ട്. സൂഫി സംഗീതവും പോപ്പും ഹിന്ദുസ്ഥാനിയുമൊക്കെ ഇഴകലര്‍ത്തിയൊരു സംഗീത വിസ്മയമാണ് ഗിന്നിയുടേത്.

Full View

ഗുര്‍കരണ്‍ ഭാരതി എന്നാണ് ഗിന്നിയുടെ യഥാര്‍ഥപേര്. ദലിത് പോപ്പിലേക്ക് കടന്നതോടെ ഗിന്നി മഹി എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഗിന്നിയുടെ പാട്ടുകള്‍ ഇതിനോടകം തന്നെ യുട്യൂബില്‍ തരംഗമായിരിക്കുകയാണ്. ഒരുലക്ഷത്തോളം പേരാണ് യുട്യൂബില്‍ ഗിന്നിയുടെ ഗാനങ്ങളെ പിന്തുടരുന്നത്. പെണ്‍ഭ്രൂണഹത്യ, പഞ്ചാബിലെ കുപ്രസിദ്ധമായ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ സാമൂഹ്യ പ്രശ്‌നങ്ങളും ഗിന്നി തന്റെ ഗാനങ്ങള്‍ക്ക് വിഷയമാക്കുന്നുണ്ട്. ഏകദേശം പത്തു വര്‍ഷത്തോളമായി ഗിന്നി ഗാനരംഗത്തേക്ക് കടന്നിട്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രണ്ട് ആല്‍ബങ്ങളിലൂടെയാണ് ഗിന്നി പ്രശസ്തയായത്. പഞ്ചാബിലെ ദലിതര്‍ക്കായി ഗാനങ്ങളിലൂടെ ശബ്ദമുയര്‍ത്തിയവരില്‍ ആദ്യത്തെയാളല്ല ഗിന്നി. ചംകില, രൂപ് ലാല്‍ ദിര്‍, റാണി അര്‍മാന്‍ തുടങ്ങിയവര്‍ക്കിടയില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കാനായത് ഗിന്നിക്കായിരുന്നു.

Tags:    

Similar News