പാക്കിസ്ഥാന് പ്രേമലേഖനങ്ങള്‍ എഴുതുന്നത് നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്ന് നിതീഷ് കുമാര്‍
സര്‍ജിക്കല്‍ സ്ട്രൈക്കിനുശേഷം സൈന്യത്തേക്കാള്‍ പ്രധാനമന്ത്രിയെ പുകഴ്‍ത്തിക്കൊണ്ടുള്ള ബോര്‍ഡുകള്‍ ബിഹാറില്‍ ഉയര്‍ത്തുന്നതിനെയും നിതീഷ് പരിഹസിച്ചു
പാക്കിസ്ഥാന് പ്രേമലേഖനങ്ങള്‍ എഴുതുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പാക്കിസ്ഥാനെതിരായ നടപടികള്‍ക്കു കേന്ദ്ര സര്‍ക്കാറിന് പിന്തുണ അറിയിക്കവെയായിരുന്നു നിതീഷിന്റെ പരിഹാസം. പാക്കിസ്ഥാനെതിരേ ആവശ്യമായ എന്തു നടപടികളും സ്വീകരിച്ചുകൊള്ളൂ. രാജ്യം നിങ്ങള്‍ക്കു പിന്നിലുണ്ട്. പക്ഷെ പ്രേമലേഖനങ്ങള്‍ എഴുതുന്നത് അവസാനിപ്പിക്കൂ. നിങ്ങള്‍ പ്രധാനമന്ത്രിയും രാജ്യത്തിന്റെ നേതാവുമാണ്, ബിജെപിയുടെ അല്ല– ബിഹാറിലെ രാജ്ഗിറില്‍ ഒരു റാലിയില്‍ പ്രസംഗിക്കവെ നിതീഷ് പറഞ്ഞു. മോദിയുടെ പെട്ടെന്നുള്ള പാക് സന്ദര്‍ശനത്തെ പരിഹസിച്ചായിരുന്നു നിതീഷിന്റെ പരാമര്‍ശങ്ങള്‍. സര്‍ജിക്കല്‍ സ്ട്രൈക്കിനുശേഷം സൈന്യത്തേക്കാള്‍ പ്രധാനമന്ത്രിയെ പുകഴ്‍ത്തിക്കൊണ്ടുള്ള ബോര്‍ഡുകള്‍ ബിഹാറില്‍ ഉയര്‍ത്തുന്നതിനെയും നിതീഷ് പരിഹസിച്ചു.