ഡാര്‍ജലിങില്‍ സംഘര്‍ഷം രൂക്ഷം; പ്രാഥമികാരോഗ്യകേന്ദ്രത്തിനും ജലവൈദ്യുത നിലയത്തിനും തീയിട്ടു

Update: 2018-05-08 21:10 GMT
Editor : Jaisy
ഡാര്‍ജലിങില്‍ സംഘര്‍ഷം രൂക്ഷം; പ്രാഥമികാരോഗ്യകേന്ദ്രത്തിനും ജലവൈദ്യുത നിലയത്തിനും തീയിട്ടു
Advertising

ഡാര്‍ജലിങിന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സൈന്യത്തെ വിന്ന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

ഡാര്‍ജലിങില്‍ ബന്ദ് നടത്തുന്ന ഗൂര്‍ഖ ജനമുക്തിമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിനും ജലവൈദ്യുത നിലയത്തിനും തീയിട്ടു. ലോധാമയിലെ റാമാം ജലവൈദ്യുതനിലയത്തിനാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. ഡാര്‍ജലിങിന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സൈന്യത്തെ വിന്ന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

രാത്രിയിലാണ് ഡാര്‍ജലിങില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ലൊധാമയിലെ റാമാം ജലവൈദ്യുത നിലയത്തിന് പ്രതിഷേധക്കാര്‍ തീയിട്ടത്. പ്രദേശത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിനും ഗൂര്‍ഖ ജനമുക്തി മോര്‌‍ച്ച പ്രവര്‍ത്തകര്‍ തീയിട്ടു. ഇരു സ്ഥാപനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. ഇതിനുപുറമെ മിറിക്കിലെ പഞ്ചായത്തോഫീസും ഗായാഭരി റയില്‍വെ സ്റ്റേഷനും അക്രമികള്‍ കത്തിച്ചു. പ്രത്യേക ഗൂര്‍ഖസംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ച്ചയായി നടക്കുന്ന സമരത്തില്‍ നിരവധി പേര്‍ക്ക് ഇതിനോടകം തന്നെ പരിക്കേറ്റിട്ടുണ്ട്. ജി.ജെ,എം നേതാവിന്റെ വീട്ടില്‍ ഇന്നലെ പൊലീസ് റെയ്ഡ് നടത്തി ആയുധങ്ങളും പണവും പിടിച്ചെടുത്ത് ഓഫീസ് സീല്‍ ചെയ്തതോടെയാണ് പ്രതിഷേധക്കാര്‍ വീണ്ടും അക്രമണങ്ങള്‍ ആരംഭിച്ചത്. പൊലീസിനേയും മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ച സമരക്കാരെ നേരിടാന്‍ കഴിഞ്ഞ ദിവസം മൂന്ന് കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തെകൂടി ഇന്നലെ കേന്ദ്രം അയച്ചിരുന്നു. ഇതിന് പുറമെയാണ് കൂടുതല്‍ സൈന്യത്തെ ഡാര്‍ജലിങ്ങിന്റെ വിവിധഭാഗങ്ങളില്‍ വിന്യസിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. പ്രശ്നപരിഹാരത്തിന് ഗൂര്‍ഖ ടെറിറ്റോറിയല്‍ അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തില്‍ ത്രികക്ഷി ചര്‍ച്ച നടത്താന്‍ കേന്ദ്രം നിര്‍ദേശിച്ചുവെങ്കിലും ബംഗാള്‍ സര്‍ക്കാരും സമരക്കാരും ഇത് തള്ളിക്കളഞ്ഞിരുന്നു. സംഘര്‍ഷാവസ്ഥ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാനം ഇന്ന് നല്‍കുമെന്നാണ് സൂചന.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News