ജമ്മുവിലെ പുല്‍വാമയില്‍ ഭീകരാക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു
രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്ക്. സായുധധാരികളായെത്തിയ ഭീകരര്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തുകയായിരുന്നു. നൌഷാര സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ മറ്റൊരു ജവാനും കൊല്ലപ്പെട്ടു.
പുല്‍വാമ ജില്ലയിലെ ലെത്പോറയിൽ സിആർപിഎഫിന്റെ 185ാം ബറ്റാലിയൻ ക്യാംപിനുനേരെ പുലർച്ചെ രണ്ടോടെയായിരുന്നു ആക്രമണം. സായുധധാരികളായെത്തിയ ഭീകരര്‍ ക്യാമ്പിന് നേരെ ഗ്രനേഡ് എറിഞ്ഞതിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഭീകര്‍ക്ക് എതിരെ ശക്തമായി തിരിച്ചടിച്ചതായി സൈനികവക്താവ് അറിയിച്ചു. ശ്രീനഗര്‍ സ്വദേശിയായ കോണ്‍സ്റ്റബിള്‍ സൈഫുദ്ധീനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നരേന്ദര്‍, സംദാന്‍ മാല്‍വേ എന്നീ ജവാന്‍മാര്‍ക്ക് പരുക്കേറ്റു. മറ്റു സൈനിക ക്യാമ്പുകള്‍ക്കു നേരെയും അക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഉന്നത സൈനികവൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. അതിനിടെ നൌഷാര സെക്ടറില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു നടത്തിയ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു. ജഗ്സീര്‍ സിംഗ് എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. അര്‍ധരാത്രി തുടങ്ങിയ വെടിവെപ്പ് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അവസാനിച്ചത്.