മലയാളികളെ കാണാതായ സംഭവം: ഐഎസ് ബന്ധത്തിന് സ്ഥിരീകരണമില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം

Update: 2018-05-08 11:18 GMT
Editor : admin | admin : admin
മലയാളികളെ കാണാതായ സംഭവം: ഐഎസ് ബന്ധത്തിന് സ്ഥിരീകരണമില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം
Advertising

മലയാളികളെ കാണാതായ സംഭവത്തില്‍ ഐഎസ് ബന്ധം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

Full View

മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സംശയാസ്പദമായ രീതിയില്‍ ആളുകളെ കാണാതായിട്ടുണ്ട്. അതിനാല്‍ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് അന്വേഷണം തുടരാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം. ആഭ്യന്തമന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്ന് മാസം കൂടുമ്പോഴുള്ള ഇന്റലിജന്‍സ് ഏജന്‍സികളുടെ പതിവ് യോഗമാണെങ്കിലും ഇത്തവണ രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ള ഐഎസുമായി ബന്ധപ്പെട്ട വിഷയങ്ങളും മലയാളികളെ കാണാതായ സംഭവവുമാണ് പ്രധാനമായും ചര്‍ച്ചയായത്. മലയാളികളെ കാണാതായതിന് സമാനമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരെ സംശയാസ്പദമായ രീതിയില്‍ കാണാതായതായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഇന്റെലിജന്‍സ് മേധാവികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നെന്നോ ഐഎസുമായി ബന്ധമുണ്ടെന്നോ ഒരു അന്വേഷണ ഏജന്‍സിക്കും കണ്ടെത്താനായിട്ടില്ല. രാജ്യാന്തര വിഷയമായതിനാല്‍ തന്നെ മറ്റ് രാജ്യങ്ങളുമായി സഹകരിച്ചുള്ള അന്വേഷണവുമായി മുന്നോട്ട് പോകാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം.

യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്‍ ശ്രീലേഖ മലയാളികളെ കാണാതായ അന്വേഷണത്തിലെ കണ്ടെത്തലുകളും അന്വേഷണ പുരോഗതിയും ഇന്റലിജന്‍സ് മേധാവിയുമായി പങ്കുവെച്ചെന്നാണ് സൂചന. ഐഎസ് ബന്ധം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലുകള്‍ കേരളത്തിലെ അന്വേഷണ സംഘത്തിനും കൈമാറി. ഇന്നത്തെ യോഗത്തിലെ കണ്ടെത്തലുകളും വിലയിരുത്തലും സംബന്ധിച്ച റിപ്പോര്‍ട്ട് എഡിജിപി സംസ്ഥാന സര്‍ക്കാറിന് കൈമാറും. ഈ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ കേസ് എന്‍ഐഎക്ക് കൈമാറണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News