കേരളത്തില്‍ നിന്ന് കാണാതായവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇറാനും അഫ്ഗാനിസ്ഥാനും
21 പേരെയാണ് കേരളത്തില്‍ നിന്ന് കാണാതായത്
കേരളത്തില്‍ നിന്ന് കാണാതായവരെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇറാനും അഫ്ഗാനിസ്ഥാനും ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
ഐഎസ് ബന്ധമാരോപിച്ച് കാണാതായവരെ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യ വിവിധ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു. 21 പേരെയാണ് കേരളത്തില്‍ നിന്ന് കാണാതായത്.
കേരളത്തില്‍ നിന്ന് കാണാതായവര്‍ സംഘങ്ങളായി അഫ്ഗാനിസ്ഥാനിലേക്ക് കടന്നു എന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം വിവിധ രാജ്യങ്ങളുടെ സഹായം തേടിയത്. കാണാതായവര്‍ക്ക് ഐഎസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യം ഒരു മാസത്തിന് ശേഷവും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.
കാസര്‍കോടുനിന്നും പാലക്കാടുനിന്നും കാണാതായവര്‍ ഇറാനിലേക്ക് കടന്നിട്ടുണ്ടോ എന്നും കടന്നിട്ടുണ്ടെങ്കില്‍ ഏത് മാര്‍ഗത്തിലൂടെയാണ് എന്നും അന്വേഷണ സംഘം അന്വേഷിച്ച് വരികയാണ്. ഒരു സംഘം മസ്കത്ത് വഴിയും ഒരു സംഘം ദുബൈ വഴിയുമാണ് യാത്ര ചെയ്തതെന്ന സ്ഥിരീകരിക്കാത്ത വിവരം മാത്രമാണ് ഇപ്പോഴുമുള്ളത്. ഇവരില്‍ ചിലര്‍ ലക്ഷ്യ സ്ഥാനങ്ങളിലെത്തിയതായും സുരക്ഷിതരാണെന്നും കാണിച്ച് ബന്ധുക്കള്‍ക്ക് പല തവണ സന്ദേശങ്ങളുമയച്ചിരുന്നു. ഈ സന്ദേശങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആഗസ്റ്റ് 23നാണ് കേസ് ആഭ്യന്തരമന്ത്രാലയം എന്‍ഐഎക്ക് കൈമാറിയത്.