അറുപത് ലക്ഷം അക്കൌണ്ടുകള്‍ വഴി ബാങ്കുകളിലെത്തിയത് ഏഴ് ലക്ഷം കോടി രൂപ
അക്കൌണ്ടുകള്‍ ശരിയായവയാണെന്ന് കരുതുന്നില്ലെന്നും നികുതി അടച്ചത് കൊണ്ടു മാത്രം രക്ഷപ്പെടാന്‍ കഴിയുകയില്ലെന്നും
അറുപത് ലക്ഷത്തോളം വരുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൌണ്ടുകളിലേക്ക് ഏഴ് ലക്ഷംകോടി രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കുകളിലെത്തിയതായി റിപ്പോര്‍ട്ട്. കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. ഈ അക്കൌണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും പിഴ ഈടാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വലിയ തോതില്‍ പിന്‍വലിച്ച നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിച്ച അറുപത് ലക്ഷത്തോളം കമ്പനികളും വ്യക്തികളുമുണ്ടെന്നാണ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്. ഇത്തരം അക്കൌണ്ട് വഴി ഏതാണ്ട് ഏഴ്ലക്ഷം കോടി രൂപ വിവിധ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ അക്കൌണ്ടുകള്‍ ശരിയായവയാണെന്ന് കരുതുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇവ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കള്ളപ്പണം വെളുപ്പിച്ചതാണെങ്കില്‍ ഇവക്കെതിരെ മുഖംനോക്കാതെ ശക്തമായ നടപടിയുണ്ടാവും. ബാങ്കുവഴിയുള്ള എല്ലാ ഇടപാടുകളും കൃത്യമാണെന്ന് ധരിക്കുന്നില്ല. രണ്ട് ലക്ഷത്തിന് മുകളില്‍ ഡിപ്പോസിറ്റ് ചെയ്യുന്ന ഓരോരുത്തരുടെയും വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നുണ്ട്. നികുതി അടച്ചത് കൊണ്ടു മാത്രം രക്ഷപ്പെടാന്‍ കഴിയുകയില്ലെന്നും കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.