വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കീഴടങ്ങിയ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് മായാവതി
ഹരിയാനയിലുണ്ടായത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു മുന്നിലെ നാണംകെട്ട കീഴടങ്ങലാണെന്നും മായാവതി പറഞ്ഞു
ഗുര്‍മീത് റാം റഹീം സിങിനെ ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഹരിയാനയിലുണ്ടായത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു മുന്നിലെ നാണംകെട്ട കീഴടങ്ങലാണെന്നും മായാവതി പറഞ്ഞു. അക്രമം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഖട്ടാര്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചെന്നും മായാവതി വിമര്‍ശിച്ചു.
ബിജെപി സര്‍ക്കാരിന്‍റെ നിസംഗതയാണ് അക്രമം വ്യാപിക്കാന്‍ കാരണം. ക്രമസമാധാനനില ഉറപ്പുവരുത്തണമെന്ന കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിച്ചില്ല. പകരം അക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കൈക്കൊണ്ട സമാന നിലപാടാണ് ബിജെപി ഭരണകൂടം ഹരിയാനയിലും സ്വീകരിച്ചതെന്ന് മായാവതി വിമര്‍ശിച്ചു.
റാം റഹീമിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന കോടതി ഉത്തരവ് പാലിക്കുന്നതിന് പകരം അയാള്‍ക്ക് ജയിലില്‍ വിഐപി സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. അക്രമം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗപ്പെടുത്താതിരുന്നതിനെയും മായാവതി വിമര്‍ശിച്ചു.