ഒന്നല്ല, ഒരായിരം ക്യാമറകളുടെ കളക്ഷനുമായി ക്യാമറ ശേഖര്‍

Update: 2018-05-12 03:56 GMT
Editor : admin
ഒന്നല്ല, ഒരായിരം ക്യാമറകളുടെ കളക്ഷനുമായി ക്യാമറ ശേഖര്‍
Advertising

ശേഖറിന് ക്യാമറകളോട് തോന്നിയ ഇഷ്ടത്തിന് 35 വര്‍ഷത്തെ പഴക്കമുണ്ട്

ചെന്നൈയിലുള്ള സി. ശേഖറിന്റെ വീട്ടില്‍ ചെന്നാല്‍ എവിടെ നിന്നാണ് ക്യാമറയുടെ മിന്നുന്ന ഫ്ലാഷുകള്‍ നമ്മെ തേടിവരുന്നതെന്ന് പ്രവചിക്കുക അസാധ്യമായിരിക്കും. ഒരു മ്യൂസിയത്തിന്റെ ഉള്‍വശം പോലെ തോന്നിക്കുന്ന ഈ വീട്ടില്‍ സന്ദര്‍ശകരുടെ കണ്ണുകള്‍ വിരുന്നൊരുക്കുന്നത് ക്യാമറകളാണ്, ഒന്നല്ല, ഒരു നാലായിരം ക്യാമറകള്‍. പൈക്രോഫ്റ്റ്സ് റോഡിലുള്ള ശേഖറിന്റെ വീടിനും പറയാനുള്ളത് ഒരു ക്ലിക്കില്‍ കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന ക്യാമറകളുടെ ഒരായിരം കഥകളാണ്.

ശേഖറിന് ക്യാമറകളോട് തോന്നിയ ഇഷ്ടത്തിന് 35 വര്‍ഷത്തെ പഴക്കമുണ്ട്. ഇലക്ട്രോണിക്സില്‍ ഡിപ്ലോമയുമായി ചെന്നൈയില്‍ വന്നിറങ്ങിയ ശേഖറിന് മെക്കാനിക്കായി ജോലി ലഭിച്ചു. ജോലിക്കിടയിലാണ് ഒരു കാര്യം ശേഖറിന്റെ ശ്രദ്ധയില്‍ പെട്ടത്. ടിവി, വിസിആര്‍,ഫ്രിഡ്ജ് എന്നിവയുടെ കേടുപാടുകള്‍‌ തീര്‍ക്കാനായിട്ടാണ് ആളുകള്‍ കടയിലെത്തുന്നത്. എന്നാല്‍ ക്യാമറയുമായി എത്തുന്നവര്‍ ചുരുക്കവും. ആ ചിന്ത ശേഖറിനെ ഒരു ക്യാമറ മെക്കാനിക്കായി തീര്‍ക്കുകയായിരുന്നു. പരിസര പ്രദേശങ്ങളില്‍ ക്യാമറ ശേഖര്‍ എന്നാണ് ശേഖര്‍ അറിയപ്പെടുന്നത്.

മൂവി ക്യാമറകള്‍, അണ്ടര്‍ വാട്ടര്‍ ക്യാമറ, ഫ്ലാഷ് ക്യാമറ തുടങ്ങി 4,000 ത്തോളം ക്യാറകളുടെ കളക്ഷനുകള്‍ ശേഖറിന്റെ പക്കലുണ്ട്. ഇക്കൂട്ടത്തില്‍ വ്യത്യസ്തമായ ലെന്‍സുകളുള്ള ക്യാമറകളും ഉണ്ട്. 2000ല്‍ നന്തംപാക്കം ട്രേഡ് സെന്ററില്‍ പത്ത് ക്യാമറകളുമായി ഒരു പ്രദര്‍ശനവും ശേഖര്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2004ല്‍ വീണ്ടും ഒരു എക്സിബിഷന്‍ കൂടി നടത്തി. ഒട്ടേറ ആളുകള്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു. നാളുകള്‍ ചെല്ലുന്തോറും ശേഖറിന്റെ വീട്ടിലെ ക്യാമറകളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പിന്നീട് ക്യാമറ ഹൌസ് എന്ന് തന്റ വീടിന് പേരിടുകയും ചെയ്തു.

ഓരോ ക്യാമറക്കും ഒരോ കഥയുണ്ട്. തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും നടനുമായ എംജിആറിന്റെ വിന്റേജ് ക്യാമറ ഇപ്പോള്‍ ശേഖറിന്റെ ക്യാമറ ഹൌസില്‍ വിശ്രമിക്കുന്നുണ്ട്. പത്ത് വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്ക് ശേഷമാണ് ഈ ക്യാമറ ശേഖറിന്റെ കൈകളിലെത്തുന്നത്. എല്‍ വി പ്രസാദ് സ്റ്റുഡിയോയിലെ മൂവി ക്യാമറ, സ്വദേശ് മിത്ര മാഗസിനിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ഉപയോഗിച്ചിരുന്ന ക്യാമറ, 1962ലെ സിങ്കോ-ഇന്ത്യന്‍ യുദ്ധ സമയത്ത് ഉപയോഗിച്ച ക്യാമറ, അമേരിക്കയില്‍ നിന്നും വാങ്ങിയ ബെല്‍ ആന്‍ഡ് ഹവല്‍ ക്യാമറ തുടങ്ങിയവയും ശേഖറിന്റെ കൈകകളിലുണ്ട്.

കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചാണ് ശേഖര്‍ ഈ വിലപ്പെട്ട ക്യാമറകള്‍ സ്വന്തമാക്കിയത്. ലണ്ടന്‍, ഇറ്റലി,ജര്‍മ്മനി,സ്വിറ്റ്സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്യാമറയും ഉണ്ട്. 200 വര്‍ഷം പഴക്കമുള്ള ക്യാമറയും ഇക്കൂട്ടത്തിലുണ്ട്. ക്യാമറകളെക്കുറിച്ചും ഡാര്‍ക്ക് റൂം എന്‍ലാര്‍ജ്ജര്‍,ബള്‍ബ്സ്,ലൈറ്റിംഗ്, ഫിലിം റോളര്‍ എന്നിവയെക്കുറിച്ച് പഠിക്കുന്നതിനായി നിരവധി വിദ്യാര്‍ഥികളും ശേഖറിന്റെ ക്യാമറ ഹൌസിലെത്താറുണ്ട്.

ക്യാമറകളുടെ ഒരു കൊച്ചു മ്യൂസിയം സ്ഥാപിക്കുകയാണ് ശേഖറിന്റെ ഏറ്റവും വലിയ സ്വപ്നം. അതിനായി സാമ്പത്തിക സഹായവും ആവശ്യമാണ്. എത്ര വില കിട്ടുമെന്ന് പറഞ്ഞാലും തന്റെ ജീവനായ ക്യാമറകള്‍ വില്‍ക്കാനും ശേഖര്‍ തയ്യാറല്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News