കശ്മീര്‍ പ്രശ്നം: പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു
കശ്മീരിലെ സംഘര്‍ഷം ആളിക്കത്തിക്കാന്‍ പാക്കിസ്താന്‍ ശ്രമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ വെള്ളിയാഴ്ച സര്‍വ്വകക്ഷി യോഗം ചേരും. പാകിസ്താനുമായി ഇനി ചര്‍ച്ച നടത്തുക പാക് അധീനകശ്മീരിന്‍റെ കാര്യത്തിലായിരിക്കുമെന്നും കശ്മീരിലെ പ്രശ്നങ്ങള്‍ പാക്കിസ്താന്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു ആഭ്യന്തരമന്ത്രി.
പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു കശ്മീര്‍ വിഷയചര്‍ച്ചയില്‍ കോണ്‍ഗ്രസ് ചര്‍ച്ചക്ക് തുടക്കമിട്ടത്. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ 10 മണി മുതല്‍ 6 മണി വരെയുള്ള പ്രധാനമന്ത്രിക്ക് സഭയില്‍ ഹാജരായി കശ്മീര്‍ വിഷയം സംസാരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു.
കശ്മീര്‍ വിഷയത്തില്‍ വാജ്പേയ് സ്വീകരിച്ച നിലപാടുകള്‍ പിന്തുടരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പെല്ലറ്റ് ഗണ്‍ പ്രയോഗത്തിനെതിരെയും ചര്‍ച്ചയില്‍ പ്രതിഷേധം ഉയര്‍ന്നു. ജീവഹാനി വരുത്താത്ത ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെ ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ ഇത് മുമ്പും പ്രയോഗിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മറുപടി പറഞ്ഞു. കശ്മീരിനെ ഇന്ത്യയില്‍ നിന്ന് പറിച്ചെടുക്കാന്‍ ലോകത്തെ ഒരു ശക്തിക്കും ആകില്ല, ദേശവിരുദ്ധമായ ഒരു ശബ്ദവും കശ്മീരിന്‍റെ മണ്ണില്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഇസ്ലാമിനെക്കുറിച്ച് കശ്മീരിലെ യുവാക്കള്‍ വിശദമായി പഠിക്കണം, അത് ആരെയും കൊല്ലാനോ മുറിവേല്‍പ്പിക്കാനോ പഠിപ്പിക്കുന്നില്ല. എന്നാല്‍ ചിലര്‍ ഐസിസ് പതാക ഉയര്‍ത്തി ഇസ്ലാമിന്‍റെ ഇമേജിന് കളങ്കം ഉണ്ടാക്കുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.