ഡല്‍ഹിയില്‍ സര്‍ക്കാര്‍-ലഫ്റ്റനന്‍റ് ഗവര്‍ണര്‍ പോര് വീണ്ടും
ഡല്‍ഹിയില്‍ പകര്‍ച്ചവ്യാധി രൂക്ഷമായതിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെച്ചൊല്ലിയാണ് തര്‍ക്കം
ഇടവേളക്ക് ശേഷം ഡല്‍ഹി സര്‍ക്കാര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജംഗും തമ്മില്‍ വീണ്ടും വാക്പോര്. ഡല്‍ഹിയില്‍ പകര്‍ച്ചവ്യാധി രൂക്ഷമായതിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെച്ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. പകര്‍ച്ചവ്യാധി വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ തിരിച്ചയച്ചു.
ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ തുടര്‍ന്ന് തലസ്ഥാന നഗരത്തില്‍ മൂന്ന് പേരാണ് കഴിഞ്ഞയാഴ്ച മരിച്ചത്. ഈ സമയത്താണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ലഫ്റ്റനന്‍റ് ഗവര്‍ണറും തമ്മിലുള്ള അഭിപ്രായഭിന്നത വീണ്ടും രൂക്ഷമായിരിക്കുന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചികിത്സാര്‍ത്ഥം നിലവില്‍ ബാംഗ്ലൂരിലാണ്. പകരം ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഫിന്‍ലാന്‍റില്‍ ഓദ്യോഗിക യാത്രയിലും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍, പകര്‍ച്ചവ്യാധി രൂക്ഷമായ സമയത്ത് മനീഷ് സിസോദിയ ഫിന്‍ലാന്‍റിലേക്ക് പോയതിനെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. ഉപമുഖ്യമന്ത്രി ഉടന്‍ തനിക്ക് മുന്നില്‍ ഹാജരായി, നിലവിലെ സ്ഥിഗതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറെ കാണാന്‍ പോയത്. എന്നാല്‍ കൂടിക്കാഴ്ച്ചക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചില്ല. മുന്‍ കൂട്ടി അറിയിക്കാതെ എത്തിയത് കൊണ്ടാണ് കൂടിക്കാഴ്ച്ചക്ക് സമയം നല്‍കാതിരുന്നതെന്നും, വാരാന്ത്യങ്ങളില്‍ ആരെയും കാണാറില്ലെന്നുമാണ് ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഓഫീസിന്‍റെ വിശദീകരണം.
ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് ആര്യോഗ്യ മന്ത്രി തന്നെ രംഗത്തെത്തി. ആരോഗ്യ മന്ത്രിയായ തന്നോട് ഡല്‍ഹിയിലെ പകര്‍ച്ചവ്യാധി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ എന്താണ് തടസ്സമെന്നും, ഉപമുഖ്യമന്ത്രി തന്നെ വിവരങ്ങള്‍ ധരിപ്പിക്കണം എന്ന വാശി എന്തിനാണെന്നും മന്ത്രി ചോദിച്ചു.