നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് യുപിയില്‍ മോദിയുടെ റാലി
റാലിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് മോദി സംസാരിച്ചത്
കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ച് ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റാലി അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്. റാലിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് മോദി സംസാരിച്ചത്. മോദിക്ക് പുറമേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന നിരവധി പരിപാടികളാണ് രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യുപിയില്‍ നടക്കുക.
മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി രണ്ടായിരത്തോളം പൊതുപരിപാടികളാണ് രാജ്യമെമ്പാടും നടക്കുക. ഇതില്‍ ഏറ്റവും കൂടുതല്‍ പരിപാടികള്‍ നടക്കുന്ന ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ യുപിയിലെ സാഹാറന്‍പൂരിലാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സംസാരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതിന് പുറമേ, അഖിലേഷ് യാദവ് സര്‍ക്കാരിനെതിരായ ശക്തമായ വിമര്‍ശം ഉള്‍ക്കൊള്ളുന്നതായിരുന്നു മോദിയുടെ പ്രസംഗം.
പടിഞ്ഞാറന്‍ യുപിയിലെ പ്രബല വിഭാഗമായ കരിമ്പ് കര്‍ഷകരെയടക്കം കയ്യിലെടുക്കുന്ന രീതിയിലുള്ളതായിരുന്നുമ മോദിയുടെ പ്രസംഗം. ചടങ്ങില്‍ പങ്കെടുത്ത ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും എസ്‍പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. യുപിയിലെ ബിജെപിയുടെ വനവാസം അവസാനിക്കാന്‍ പോവുകയാണ്. കരിമ്പ് കര്‍ഷകരെ സഹായിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പട്ടുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, വെങ്കയ്യ നായിഡു, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുത്ത നിരവധി പരിപാടികള്‍ ഇന്നലെ യുപിയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു. ബീഹാറിലും ഡല്‍ഹിയിലുമേറ്റ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അസമിലെ വിജയത്തിന്റെ തുടര്‍ച്ചക്കായി വലിയ പ്രതീക്ഷയോടെയാണ് ബിജെപി യുപി തെരഞ്ഞെടുപ്പിനെ കാണുന്നത്. അതിനാല്‍ മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൌപചാരിക ഉദ്ഘാടനം തന്നെയായിരുന്നു.