സൊഹ്റാബുദ്ദീന്‍ കേസിലെ ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യം
മരണം അസ്വാഭാവികമാണെന്നും ജഡ്ജിയെ അനുകൂലവിധിക്കായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കുടുംബം വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മരണം അസ്വാഭാവികമാണെന്നും ജഡ്ജിയെ അനുകൂലവിധിക്കായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കുടുംബം വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹാറാബുദ്ദീന്‍ വ്യാജ ഏറ്റമുട്ടല്‍ കേസില്‍ വാദം കേള്‍ക്കവേ 2014 ഡിസംബര്‍ 1ന് പുലര്‍ച്ചയോടെയാണ് നാഗ്പൂരില്‍ വച്ച് സിബിഐ ജഡ്ജിയായിരുന്ന ഹര്‍കിഷന്‍ ലോയ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. മരണവും പോസ്മോര്‍ട്ടവും സംബന്ധിച്ച് അസ്വാഭാവികത രേഖപ്പെടുത്തി ലോയയയുടെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം കാരവന്‍ മാഗസിനോട് വെളിപ്പെടുത്തല്‍ നടത്തി. മരിക്കും മുന്‍പ് കേസില്‍ അനുകൂല വിധിക്കായി 100 കോടി രൂപ ലോയക്ക് വാഗ്ദാനം ചെയ്തിരുന്നു എന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സന്നദ്ധ സംഘടയായ അന്‍ഹദ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്.
നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയ ജഡ്ജിയുടെ കുടുംബത്തിനും കാരവന്‍ മാഗസിന് വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്ലേക്കും മതിയായ സുരക്ഷയൊരുക്കണമെന്നും ശബ്നം ഹാഷ്മി ആവശ്യപ്പെട്ടു. വസ്തുതകള്‍ പലവട്ടം പരിശോധിച്ച ശേഷമാണ് ജഡ്ജിയുടെ കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കാരവന്‍ മാഗസിന്‍ അധികൃതരും വ്യക്തമാക്കി.