നീറ്റ്: സര്‍ക്കാര്‍ കോളജുകള്‍ക്ക് ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ

Update: 2018-05-14 18:00 GMT
Editor : admin
നീറ്റ്: സര്‍ക്കാര്‍ കോളജുകള്‍ക്ക് ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ
Advertising

സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നീറ്റ് നിര്‍ബന്ധമായും നടപ്പാക്കണമെന്നും എംസിഐ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു

നീറ്റില്‍ സംസ്ഥാന സര്‍ക്കാരുകളുടെ കോളജുകള്‍ക്ക് ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ. എന്നാല്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നീറ്റ് നിര്‍ബന്ധമായും നടപ്പാക്കണമെന്നും എംസിഐ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ നിലപാടറിയിക്കാന്‍ തിങ്കളാഴ്ച വരെ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശ പരീക്ഷ നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് നീറ്റില്‍ ഇളവ് നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയോടും കഴിഞ്ഞ ദിവസം സുപ്രിം കോടിത അഭിപ്രായം തേടിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ വിഷയത്തിലുള്ള നിലപാട് കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നടത്തുന്ന മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് പ്രവേശം നല്‍കാം. എന്നാല്‍ ഇളവ് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് നല്‍കരുതെന്നും അവരുടെ കാര്യത്തില്‍ നീറ്റ് നിര്‍ബന്ധമായും നടപ്പിലാക്കണമെന്നും എംസിഐ കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടു.

അടുത്ത ദിവസങ്ങളില്‍ നീറ്റ് വിഷയവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും ഇതിന് ശേഷം തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. തുടര്‍ന്ന് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News