മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് തേടി എ.എ.പി നേതാക്കള്‍ വിസിയെ കണ്ടു

Update: 2018-05-15 10:29 GMT
Editor : admin
മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് തേടി എ.എ.പി നേതാക്കള്‍ വിസിയെ കണ്ടു
Advertising

വിദ്യാഭ്യാസ യോഗ്യതാ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് തേടി എ.എ.പി നേതാക്കള്‍ ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടു

വിദ്യാഭ്യാസ യോഗ്യതാ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് തേടി എഎപി നേതാക്കള്‍ ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടു. ഇന്നലെയും വിസിയെ കാണാന്‍ നേതാക്കള്‍ സര്‍വകലാശാലയില്‍ എത്തിയെങ്കിലും തിരക്കിലായതിനാല്‍ കൂടിക്കാഴ്ച ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അതേസമയം ബി.ജെ.പി കഴിഞ്ഞ ദിവസം പുറത്ത് വിട്ട ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകളും എ.എ.പി പുറത്ത് വിട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ബി.ജെ.പി കഴിഞ്ഞ ദിവസം പുറത്തുവിട്ട ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ സത്യാവസ്ഥ നേരിട്ട് പരിശോധിക്കാനാണ് വിസിയുമായുള്ള കൂടിക്കാഴ്ചക്കായി എ.എ.പി നേതാക്കള്‍ ഡല്‍ഹി സര്‍വകലാശാലയിലെത്തുന്നത്. ഇന്നലെയും ഇതേ ആവശ്യമുന്നയിച്ച് നേതാക്കള്‍ സര്‍വകലാശാലയില്‍ എത്തിയെങ്കിലും വിസിക്ക് തിരക്കാണെന്ന കാരണം കാണിച്ച് മടക്കി അയക്കുകയായിരുന്നു. എ.എ.പി നേതാക്കളായ അശുതോഷ്, ആശിശ് ഖേതന്‍, സഞ്ജയ് സിങ് എന്നിവരാണ് വിസി യോഗേഷ് ത്യാഗിയെ കാണാനെത്തിയത്. സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ നിന്നും പുറകോട്ട് പോകാന്‍ തയ്യാറല്ലെന്നും കാര്യങ്ങള്‍ മറച്ച് വെക്കാനാണ് സര്‍വകലാശാല ശ്രമിക്കുന്നതെന്നുമാണ് നേതാക്കളുടെ പ്രതികരണം.

അതേസമയം സര്‍വകലാശാല പുറത്തുവിട്ട സര്‍ട്ടിഫിക്കറ്റ് യഥാര്‍ത്ഥമാണെന്ന വിസിയുടെ പ്രസ്താവനക്കെതിരായ രേഖകളും എ.എ.പി പുറത്തുവിട്ടു. ബി.ജെ.പി പുറത്തുവിട്ട മോദിയുടെ സര്‍ട്ടിഫിക്കറ്റിലെയും സമാന വര്‍ഷം സര്‍വകലാശാലയില്‍ പഠിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകളിലെയും അക്ഷരങ്ങളിലെ വ്യത്യാസമാണ് എ.എ.പി ചൂണ്ടിക്കാണിക്കുന്നത്. നരേന്ദ്ര മോദിക്ക് ബിരുദമില്ലെന്നും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍നിന്നും ബി.എ ബിരുദം നേടിയെന്ന് പറയുന്നത് വ്യാജമാണെന്നുമാണ് എ.എ.പിയുടെ വാദം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News