എംഎല്‍എമാരുടെ അയോഗ്യത: രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്കൊരുങ്ങി എഎപി

Update: 2018-05-20 12:46 GMT
Editor : Muhsina
എംഎല്‍എമാരുടെ അയോഗ്യത: രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്കൊരുങ്ങി എഎപി
Advertising

എംഎല്‍എമാരുടെ അയോഗ്യത വിഷയത്തില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്കൊരുങ്ങി എഎപി നേതൃത്വം. എംഎല്‍എമാരുടെ ഭാഗവും കേള്‍ക്കാന്‍ രാഷ്ട്രപതി തയ്യാറാകണമെന്ന് ഉപമുഖ്യമന്ത്രി മനീഷ്..

എംഎല്‍എമാരുടെ അയോഗ്യത വിഷയത്തില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്കൊരുങ്ങി എഎപി നേതൃത്വം. എംഎല്‍എമാരുടെ ഭാഗവും കേള്‍ക്കാന്‍ രാഷ്ട്രപതി തയ്യാറാകണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കാനാണ് എഎപി തീരുമാനം.

ഇരട്ട പദവി ആരോപിച്ച് 20 എംഎല്‍എമാരെ അയോഗ്യരാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ റദ്ദാക്കണം എന്ന ആവശ്യത്തില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനാലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ എഎപി തീരുമാനിച്ചത്. എന്നാല്‍ അതിനുമുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവച്ചാല്‍ എഎപിക്ക് തിരിച്ചടിയാകും. നിയമ നടപടികളും സങ്കീര്‍ണമാകും.

ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയെ കാണാന്‍ എംഎല്‍എമാര്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ തങ്ങളുടെ വാദം കേള്‍ക്കാന്‍ തയ്യാറായിട്ടില്ലെന്നും അതിനാല്‍ രാഷ്ട്രപതി കേള്‍ക്കണമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. രാഷ്ട്രപതിയും സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ ശരിവച്ചാല്‍ 20 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. ഇത് മുന്നില്‍ കണ്ട് എഎപി മണ്ഡലങ്ങള്‍ തോറും വിശദീകരണ യോഗങ്ങള്‍ ആരംഭിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെ ആയുധമാക്കുകയാണ് എന്നതടക്കം ബിജെപിക്കും പ്രധാനമന്ത്രിക്കും എതിരെ രൂക്ഷമായ ആരോപണമാണ് എഎപി ഉന്നയിക്കുന്നത്. നേരത്തെ എംഎല്‍എമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 2015 മാര്‍ച്ചില്‍ കെജ്‍രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് നടപടിക്ക് കാരണമായത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News