ഭരണകൂട ഭീകരതക്കെതിരായ സമാനതകളില്ലാത്ത പോരാട്ടം

Update: 2018-05-21 16:56 GMT
Editor : Sithara
ഭരണകൂട ഭീകരതക്കെതിരായ സമാനതകളില്ലാത്ത പോരാട്ടം
Advertising

16 വര്‍ഷത്തെ നിരാഹാര സമരത്തിലൂടെ ഉരുക്ക് വനിത എന്ന വിശേഷണം സ്വന്തമാക്കിയ ഇറോം ശര്‍മിളയുടെ ജീവിതം ഭരണകൂട ഭീകരതക്കെതിരായ പോരാട്ടത്തിലെ സമാനതകളില്ലാത്ത അധ്യായമാണ്.

16 വര്‍ഷത്തെ നിരാഹാര സമരത്തിലൂടെ ഉരുക്ക് വനിത എന്ന വിശേഷണം സ്വന്തമാക്കിയ ഇറോം ശര്‍മിളയുടെ ജീവിതം ഭരണകൂട ഭീകരതക്കെതിരായ പോരാട്ടത്തിലെ സമാനതകളില്ലാത്ത അധ്യായമാണ്. മനസാക്ഷിയുടെ തടവുകാരി എന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ശര്‍മിളയെ വിശേഷിപ്പിച്ചത്.

മണിപ്പൂരി ജനതയുടെ മനുഷ്യാവകാശങ്ങളെയും സ്വാതന്ത്ര്യ ബോധത്തെയും തോക്കിന് മുന്നില്‍ നിര്‍ത്തിയ പ്രത്യേക സൈനികാധികാര നിയമത്തിനെതിരെ 2000 നവംബര്‍ രണ്ടിനാണ് ഇറോം ശര്‍മിള പോരാട്ടം തുടങ്ങിയത്. ഇംഫാലില്‍ 10 പേരെ അസം റൈഫിള്സിന്റെ പ്രത്യേക വിഭാഗം വെടിവെച്ച് കൊന്നതാണ് ഇറോമിനെ സമരരംഗത്തേക്കിറക്കിയത്. സൈന്യത്തിന് അമിതാധികാരം നല്‍കുന്ന കരി നിയമം പിന്‍വലിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചു. സമരം ആഗോളതലത്തില്‍ ചര്‍ച്ചയായി. അതോടെ അധികാരികള്‍ ചര്‍ച്ചക്ക് തയ്യാറാവുകയായിരുന്നു.

പക്ഷേ സൈനികാധികാര നിയമം പിന്‍വലിക്കുന്നതില്‍ ഒരു ഉറപ്പും ഇറോം ശര്‍മിളക്ക് ലഭിച്ചില്ല. അവര്‍ സമരം തുടര്‍ന്നു. ഒന്നും രണ്ടും വര്‍ഷമല്ല, നീണ്ട 16 വര്‍ഷങ്ങള്‍. ഇതിനിടെ ആത്മഹത്യാകുറ്റം ചുമത്തി പല തവണ അറസ്റ്റ് ചെയ്തു. മൂക്കിലൂടെ കുഴലിട്ട് ബലം പ്രയോഗിച്ച് ഭക്ഷണം നല്‍കി. 2006ല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിതയായ ഇറോം ഡല്‍ഹിയിലെത്തി നിരാഹാരം തുടര്‍ന്നു. തുടര്‍ന്ന് വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയിലായി. കഴിഞ്ഞ ഫെബ്രുവരി 29 ന് ശര്‍മിളക്കെതിരായ കേസുകള്‍ തള്ളിയ കോടതി അവരെ കുറ്റവിമുക്തയാക്കി. 2016 മാര്‍ച്ച് 3ന് വീണ്ടും അറസ്റ്റിലായി.

അധികാരത്തിന്റെ ശക്തിയും സമ്മര്‍ദ്ദവും ഉപയോഗിച്ച് സമരത്തില്‍ നിന്ന് പിന്മാറ്റാനുള്ള സര്‍ക്കാരുകളുടെ ശ്രമങ്ങളെല്ലാം അവര്‍ അതിജീവിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടി മണിപ്പുരി ജനതയുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തെ വിപുലമാക്കാനുള്ള നിശ്ചയത്തിലാണ് ഇറോം നിരാഹാര സമരം അവസാനിപ്പിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News