കശ്മീരില്‍ സൈനികകേന്ദ്രത്തിന് നേരെ തീവ്രവാദി ആക്രമണം; 17 സൈനികര്‍ കൊല്ലപ്പെട്ടു

Update: 2018-05-21 12:31 GMT
കശ്മീരില്‍ സൈനികകേന്ദ്രത്തിന് നേരെ തീവ്രവാദി ആക്രമണം; 17 സൈനികര്‍ കൊല്ലപ്പെട്ടു
Advertising

നിയന്ത്രണരേഖക്ക് സമീപം തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടല്‍ തുടരുകയാണ്

ജമ്മുകാശ്മീരിലെ ഉറിയില്‍ ആര്‍മി ബ്രിഗേഡ് ആസ്ഥാനത്തിന് നേരേയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. 4 തീവ്രവാദികളെയും സൈന്യം വധിച്ചു. ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദ സംഘടനയായ ജെയ്ഷേ മുഹമ്മദാണെന്ന് സൈന്യം വ്യക്തമാക്കി. അതിര്‍ത്തിയില്‍ പാകിസ്താന്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രതികരിച്ചു.

ഇന്ന് പുലര്‍ച്ചെ 5.30 നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ഉറിയിലെ ആര്‍മി ബ്രിഗേഡ് ആസ്ഥാനത്ത് നുഴഞ്ഞുകയറിയ ചാവേറുകള്‍ ഗ്രനൈഡ് എറിഞ്ഞ ശേഷം വെടിവെപ്പ് ആരംഭിച്ചു. 5 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ നാല് തീവ്രവാദികളെയും സൈന്യം വധിച്ചു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഇന്ന് നടത്താനിരുന്ന വിദേശസന്ദര്‍ശനം റദ്ദാക്കി. ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ചേര്‍ന്നു. പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്ന് പ്രതികരിച്ചതിലൂടെ ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന സൂചനയും ആഭ്യന്തരമന്ത്രി നല്‍കി. ആക്രമണത്തിന് പിന്നില്‍ ജയ്ഷേ മുഹമ്മദാണെന്നും തീവ്രവാദികള്‍‌ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ പാക്കിസ്താന്‍ നിര്‍മിതമാണെന്നും സൈന്യം വ്യക്തമാക്കി

പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കശ്മീരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തിരിച്ചടിക്കുക മാത്രമാണ് മറുപടിയെന്ന് ബിജെപി എംപി ആര്‍ കെ സിങ് പറഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ട രണ്ടാമത്തെ വലിയ ഭീകരാക്രമണം ആണിതെന്നും കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ചയുമായി മുന്നോട്ട് പോകണമെന്നും മുന്‍പ്രതിരോധമന്ത്രി എകെ ആന്റണി പറഞ്ഞു.

അതിര്‍ത്തി കാക്കാന്‍ പോലും കഴിയാത്ത സൈന്യത്തെയാണ് കശ്മീരിലേക്ക് അയച്ചതെന്ന് കുല്‍ഗാം എംഎല്‍എ മുഹമ്മദ് യൂസുഫ് തരിഗാമിയും പ്രതികരിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും അതീവജാഗ്രത നിര്‍ദേശം നല്‍കി.

ഉറി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വിദഗ്ധ പരിശീലനം നേടിയവരും അത്യാധുനിക ആയുധങ്ങള്‍ കൈവശമുള്ളവരുമായിരുന്നുവെന്ന് തെളിയിക്കാനാവശ്യമായ വ്യക്തമായ സൂചനകള്‍ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഭീകരരാജ്യമായ പാകിസ്ഥാനെ ആഗോളസമൂഹം ഒറ്റപ്പെടുത്തണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.

Tags:    

Similar News