തന്നെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ രാജസ്ഥാന്‍ പൊലീസ് ശ്രമിക്കുന്നതായി തൊഗാഡിയ
പഴയ കേസിന്റെ കാര്യം പറഞ്ഞ് പൊലീസ് വേട്ടയാടുകയാണെന്നും തൊഗാഡിയ പറഞ്ഞു
തന്നെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ രാജസ്ഥാന്‍ പൊലീസ് ശ്രമിക്കുന്നതായി വിഎച്ച് പി വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. പതിറ്റാണ്ട് പഴക്കമുള്ള കേസ് ഉപയോഗിച്ച് തന്നെ ഇല്ലാതാക്കാനാണ് പൊലീസിന്റെ നീക്കം. കഴിഞ്ഞദിവസം രാവിലെ കാണാതായ തൊഗാഡിയയെ രാത്രിയില്‍ അഹമ്മദാബാദിലെ ഒരു പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു.
2002 ല്‍ രാജസ്ഥാനിലെ ഗംഗാപൂരില്‍ നിരോധനാജ്‍ഞ ലംഘിച്ച് പൊതുയോഗം സംഘടിപ്പിച്ച കേസിലാണ് പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യാനായി രാജസ്ഥാന് പൊലീസ് എത്തിയത്. എന്നാല്‍ രാജസ്ഥാന്‍ പൊലീസ് എത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാനാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് താന്‍ രക്ഷപ്പെടുകയായിരുന്നവെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. രാഷ്ട്രീയപ്രേരിതമായാണ് ഗുജറാത്ത്, രാജസ്ഥാന്‍ പൊലീസ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതെന്നും തൊഗാഡിയ കുറ്റപ്പെടുത്തി.
ഏറെക്കാലമായി ബിജെപി നേതൃത്വവും പ്രവീണ്‍ തൊഗാഡിയയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവത്തേയും കാണുന്നത്. മോദിയുടെ ഏറ്റവും അടുത്തയാളായിരുന്ന തൊഗാഡിയയേയും വിഎച്ച്പിയേയും പിന്നീട് മോദി അകറ്റിനിര്‍ത്തിയിരുന്നു. രാമക്ഷേത്രവും ഗോസംരക്ഷണത്തേയും ചൊല്ലി സമീപകാലത്ത് പലതവണ തൊഗാഡിയ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. വിഎച്ചപി നേതൃസ്ഥാനത്ത് നിന്ന് തൊഗാഡിയയെ ഒഴിവാക്കാന്‍ ആര്‍എസ്എസ് ബിജെപി നേതൃത്വം പലതവണ ശ്രമിച്ചതായി വിഎച്ച്പിയും ആരോപിച്ചിരുന്നു. അതേസമയം ഇന്നലെ ഇസഡ് പ്ലസ് സുരക്ഷ ഒഴിവാക്കി ഓട്ടോയില്‍ രക്ഷപ്പെട്ട തൊഗാഡിയയെ പിന്നീട് പാര്‍ക്കില്‍ കണ്ടെത്തിയത് സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്.