യുപിയില്‍ വീണ്ടും ശിശുമരണം; 49 കുട്ടികള്‍ മരിച്ചു

Update: 2018-05-23 00:58 GMT
Editor : Sithara
യുപിയില്‍ വീണ്ടും ശിശുമരണം; 49 കുട്ടികള്‍ മരിച്ചു
Advertising

ഓക്സിജന്റെയും മരുന്നിന്റെയും അഭാവത്താലാണ് മരണം എന്നാണ് ആരോപണം

ഗൊരഖ്പൂരിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലും കൂട്ടശിശുമരണം. ഫറൂഖാബാദിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 49 കുട്ടികളാണ് മരിച്ചത്. ഓക്സിജന്‍റേയും മരുന്നിന്‍റേയും അഭാവം മൂലമാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്‍മേല്‍ പൊലീസ് മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു.

ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൂട്ടശിശുമരണത്തിന്‍റെ ഞെട്ടലില്‍ നിന്ന് മുക്തമാകും മുന്‍പാണ് ഫറൂഖാബാദിലെ ആര്‍എംഎല്‍ ആശുപത്രിയും കുട്ടികളുടെ കൂട്ടമരണത്തിന് വേദിയായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 49 കുട്ടികളാണ് ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. ഓക്സിജന്‍റേയും മരുന്നിന്‍റേയും അഭാവമാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്നാണ് ആരോപണം. 19 കുട്ടികള്‍ പ്രസവസമയത്തും 30 കുട്ടികള്‍ അസുഖബാധിതരായ നവജാതശിശുക്കളെ പ്രവേശിപ്പിച്ച എസ്എന്‍സി യുണിറ്റിലുമാണ് മരിച്ചത്.

എന്നാല്‍ മാസം തികയാതെ പ്രസവിച്ചതും കുട്ടികളുടെ ഭാരകുറവുമാണ് മരണത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവം സംബന്ധിച്ച് ജില്ലാ കളക്ടര്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രി അധികൃതരോട് ശിശുമരണങ്ങളില്‍ 19 തവണ വിശദീകരണം തേടി നോട്ടീസ് അയച്ചെങ്കിലും മറുപടി നല്‍കിയില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ചീഫ് മെഡിക്കല്‍ ഓഫീസര്‍, ചീഫ് മെഡിക്കല്‍ സൂപ്രണ്ട്, ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പടെ 9 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ യുപി സര്‍ക്കാരും ഉത്തരവിട്ടു. അതിനിടെ ഗൊരഖ്പൂരില്‍ കഴിഞ്ഞ ദിവസം 9 കുട്ടികള്‍ കൂടി മരിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News