പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് കേന്ദ്രം; മാറ്റമില്ലെന്ന് ഇടത് സംഘടനകള്‍
സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ട് വര്‍ഷത്തെ ബോണസ് കുടിശിക ഉടന്‍ കൊടുത്ത് തീര്‍ക്കുമെന്നും ജെയ്‌റ്റ്ലി പറഞ്ഞു. പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ബിഎംഎസ് പണിമുടക്കില്‍ നിന്ന്.....
കാര്‍ഷികേതര ജോലികളുടെ മിനിമം വേതനം 350 രൂപയാക്കണമെന്നതുള്‍പ്പെടെ തൊഴിലാളി സംഘടനകളുടെ ഏതാനും ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു. ഇതോടെ സംപ്റ്റംബര്‍ രണ്ടിന് നിശ്ചയിച്ചിരുന്ന ദേശീയ പണിമുടക്കില്‍ നിന്ന് ബി എം എസ് പിന്മാറി. സര്‍ക്കാര്‍ വാഗ്ദാനം നിരസിച്ച ഇടതു സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി.
ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ പ്രധാനമന്ത്രി ഉന്നതലയോഗം വിളിച്ചരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ‍്‍ലിയും ഊര്‍ജ്ജമന്ത്രി പിയൂഷ് ഗോയലും ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്ത യോഗത്തിലാണ് തൊഴിലാളി സംഘടനകള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ചിലത് അംഗീകരിക്കാന്‍ തീരുമാനമായത്. സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാതലത്തില്‍ ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് പിന്‍വലിക്കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി അഭ്യര്‍ത്ഥിച്ചു.
കാര്‍ഷികേതര ജോലികള്‍ക്ക് 246 രൂപയായാണ് നിലവില്‍ കുറഞ്ഞ വേതനം. ഇത് 350 രൂപയാക്കിയതിനൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടു വര്‍ഷത്തെ ബോണസ് കുടിശ്ശിക വേഗത്തില്‍ കൊടുത്തു തീര്‍ക്കാനും തീരുമാനമായിട്ടുണ്ട്.