"കുട്ടികളെ ആക്രമിക്കുന്ന നിങ്ങളെന്നെ ബേബിയെന്ന് വിളിക്കുന്നോ?" കര്‍ണിസേന പ്രതിനിധിയോട് പൊട്ടിത്തെറിച്ച് ചാനല്‍ അവതാരക
"കര്‍ണ്ണിസേന എന്തിന് ഗുണ്ടായിസം കാണിക്കുന്നു എന്ന ചോദ്യത്തിനാണ് നിങ്ങള്‍ ഉത്തരം പറയേണ്ടത്. നിങ്ങള്‍ എന്നെ ബേബിയെന്ന് വിളിക്കരുത്. മനസിലായോ?"
തന്നെ ബേബിയെന്ന് വിളിച്ച കര്‍ണിസേന പ്രതിനിധിക്കെതിരെ രൂക്ഷ പ്രതികരണവുമായി ചാനല്‍ അവതാരക. പത്മാവത് സിനിമക്കെതിരായ പ്രതിഷേധത്തിനിടെ കര്‍ണിസേന അക്രമം അഴിച്ചുവിട്ടത് സംബന്ധിച്ച ചര്‍ച്ചക്കിടെയാണ് സംഭവം. ന്യൂസ് എക്‌സ് ചാനലിലെ അവതാരക സഞ്ജന ചൗഹാനെയാണ് കര്‍ണിസേന പ്രതിനിധി സുരജ്പാല്‍ അമു ബേബി എന്ന് വിളിച്ചത്. ബേബിയെന്ന് വിളിച്ചുപോകരുതെന്നും അങ്ങനെ വിളിച്ചതില്‍ മാപ്പ് പറയണമെന്നും സഞ്ജന ആവശ്യപ്പെട്ടു.
"കര്‍ണ്ണിസേന എന്തിന് ഗുണ്ടായിസം കാണിക്കുന്നു എന്ന ചോദ്യത്തിനാണ് നിങ്ങള്‍ ഉത്തരം പറയേണ്ടത്. നിങ്ങള്‍ എന്നെ ബേബിയെന്ന് വിളിക്കരുത്. മനസിലായോ? ഇങ്ങനെയല്ല ഒരു സ്ത്രീയോട് സംസാരിക്കേണ്ടത്. ബേബിയെന്ന് വിളിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു? കുട്ടികളെ ആക്രമിക്കുന്ന നിങ്ങള്‍ എന്നെ ബേബിയെന്ന് വിളിക്കുന്നോ?" എന്ന് രൂക്ഷമായ ഭാഷയില്‍ സഞ്ജന പ്രതികരിച്ചു.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ തന്നെ വിളിച്ചുവരുത്തിയതാണെന്നും പറഞ്ഞ് സ്വയം ന്യായീകരിക്കാനുള്ള സുരജ് പാല്‍ അമുവിന്‍റെ ശ്രമത്തെ സഞ്ജന രൂക്ഷമായ ഭാഷയില്‍ എതിര്‍ത്തു. "നിങ്ങളുടെ സംസ്ഥാനമായ രാജസ്ഥാനില്‍ അടുത്ത കാലത്ത് നാല് കൂട്ട ബലാത്സംഗങ്ങളാണ് ഉണ്ടായത്. എവിടെയായിരുന്നു കര്‍ണ്ണിസേന? ഒരു സാങ്കല്‍പ്പിക കഥാപാത്രത്തിന് വേണ്ടി യുദ്ധം ചെയ്യുകയാണ്. ബേബിയെന്ന് വിളിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് എന്ത് ബഹുമാനമാണ് നിങ്ങള്‍ നല്‍കുന്നത്?" തന്നെ ബേബിയെന്ന് വിളിച്ചതിന് മാപ്പ് പറയണമെന്നും സഞ്ജന ആവശ്യപ്പെട്ടു.