കള്ളപ്പണത്തിനെതിരെയെന്ന് ബിജെപി; 8 മാസത്തിനിടെ അറസ്റ്റിലായത് 33 ബിജെപി നേതാക്കള്‍
ബിജെപി കള്ളപ്പണം വെളുപ്പിച്ചത് ഗുജറാത്തിലെ സഹകരണബാങ്കുകള്‍ മറയാക്കി
നോട്ടുനിരോധം ഉയര്‍ത്തി, കള്ളനോട്ടുകള്‍ക്കെതിരെയും കള്ളപ്പണത്തിനെതിരെയും പ്രചരണം നടത്തുന്നതിനിടെ തൃശൂരില്‍ കള്ളനോട്ട് കേസില്‍ ബിജെപി പ്രവര്‍ത്തകര്‍തന്നെ അറസ്റ്റിലായത് സംസ്ഥാനത്തെ പാര്‍ട്ടിയെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് കേസില്‍ സഹോദരങ്ങളായ യുവമോര്‍ച്ച- ബിജെപി നേതാക്കള്‍ അറസ്റ്റിലായത് കഴിഞ്ഞ ആഴ്ചയാണ്. മതിലകത്തെ ബി.ജെ.പി യുവനേതാവായ രാകേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ നിന്നാണ് കള്ളനോട്ട് അടിക്കുന്ന യന്ത്രവും ഒന്നര ലക്ഷം രൂപയുടെ വ്യാജ കറൻസികളും കണ്ടെത്തിയത്. നോട്ട് നിരോധത്തിന് ശേഷമിറക്കിയ പുതിയ നോട്ടുകളടിക്കാനുള്ള വിപുലമായ സംവിധാനമാണ് രാകേഷിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് കണ്ടെത്തിയത്.
രാകേഷിന്‍റെ വീട്ടിൽ പലിശയ്ക്ക് പണം കൊടുക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് റെയ്ഡിനെത്തിയത്. ഇതിനിടെയാണ് വീടിനുള്ളിൽ നിന്നും കള്ളനോട്ടടിക്കാനുള്ള യന്ത്രവും വ്യാജനോട്ടുകളും കണ്ടെത്തിയത്. ഇയാൾക്ക് കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. ബിജെപിയുടെ പല ചുമതലകളും വഹിക്കുന്ന ഇദ്ദേഹം അറിയപ്പെടുന്ന പ്രവര്‍ത്തകനുമാണ്. ബിജെപി ഒബിസി മോര്‍ച്ചയുടെ പ്രധാന ചുമതലകളും ഇദ്ദേഹം വഹിച്ചുവരുന്നുണ്ട്. ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാഗേഷിന്‍റെ സഹോദരനും ബിജെപിയുടെ ഒബിസി മോര്‍ച്ച കയ്പ്പമംഗലം മണ്ഡലം ജന.സെക്രട്ടറിയുമായ രാജീവ് ഏഴാച്ചേരിയും സംഭവത്തില്‍ അറസ്റ്റിലായിരുന്നു.
നോട്ടുനിരോധത്തിന് ശേഷം കള്ളനോട്ട്/കള്ളപ്പണ കേസുകളിൽ അറസ്റ്റിലായത് 33 ബിജെപി നേതാക്കള്‍
നോട്ടുനിരോധത്തിന് ശേഷം രാജ്യത്ത് ബിജെപി നേതാക്കള്‍ പ്രതികളായ അറസ്റ്റുകള്‍ നിരവധി ഉണ്ടായിട്ടുണ്ട്. ഈ പ്രതികളില്‍ ബിജെപി മന്ത്രിമാർ മുതൽ പ്രാദേശിക നേതാക്കൾ വരെയുണ്ട്. 33 ബി.ജെ.പി നേതാക്കളാണ് നോട്ടുനിരോധത്തിന് ശേഷം മാത്രം ഇതുവരെ കള്ളനോട്ട്/കള്ളപ്പണ കേസുകളിൽ അറസ്റ്റിലായിട്ടുള്ളത്. അതും പല സംസ്ഥാനങ്ങളിലായി.. പലതും വാര്‍ത്തയാകുന്നുണ്ടെങ്കിലും ചര്‍ച്ചയാകുന്നില്ലെന്ന് മാത്രം. നോട്ടുനിരോധത്തിന് ശേഷം തങ്ങള്‍ നടത്തിയ റെയ്ഡുകളില്‍ ബിജെപി നേതാക്കള്‍ പ്രതികളായ 30 കേസുകളാണ് പിന്നീട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും ആദായനികുതി വകുപ്പ് കൈമാറിയിട്ടുള്ളത്.
രാജസ്ഥാനിലെ ബറാന്‍ ജില്ലയിലെ ചപ്ര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ആയ പിങ്കി സാഹുവും ഭര്‍ത്താവ് ജിതേന്ദ്രകുമാര്‍ സാഹുവും ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ പിടിയിലാകുന്നത് നോട്ടുനിരോധത്തിന്‍റെ തൊട്ടടുത്ത ദിവസമാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 9 ന്. കൈക്കൂലിയായി കൈപ്പറ്റിയ പഴയ 1000 ത്തിന്‍റെ ഒരു ലക്ഷം രൂപയാണ് അഴിമതിരഹിത വിഭാഗം ഇവരില്‍നിന്ന് കണ്ടെടുത്തത്. പിന്നോക്കജാതിക്കാരിയാണെങ്കിലും പിങ്കി സാഹുവും ബിജെപി പ്രവര്‍ത്തകയാണ്. സംസ്ഥാനത്തെ ഒരു റിയല്‍ എസ്റ്റേറ്റ് ലോബിക്ക് ഒത്താശ ചെയ്തു കൊടുക്കാമെന്ന് വാഗ്ദാനത്തിന് പകരമായി ജിതേന്ദ്ര ആവശ്യപ്പെട്ടത് 17 ലക്ഷമായിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആയ ഭാര്യയുടെ അറിവോടെയും സമ്മതത്തോടെയും ആയിരുന്നു ഈ കൈക്കൂലി ആവശ്യപ്പെടല്‍ എന്നും റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിരുന്നു. ജിതേന്ദ്ര ആവശ്യപ്പെട്ട പണം, തവണകളായിട്ടായിരുന്നു രാജ്മല്‍ സോണി എന്ന റിയല്‍ എസ്റ്റേറ്റ് വ്യാപാരി നല്‍കിയിരുന്നത്. ആകെ 3 ലക്ഷം രൂപയാണ് ദമ്പതികള്‍ അതുവരെ കൈപ്പറ്റിയത്.
നോട്ടുനിരോധത്തെ ആവോളം പുകഴ്ത്തിയ തമിഴ്നാട്ടിലെ യുവ ബിജെപി നേതാവില്‍ നിന്ന് അതിനടുത്തമാസംതന്നെ കണ്ടെടുത്തത് 20.5 ലക്ഷം രൂപയാണ്. ബിജെപിയുടെ സേലം യൂത്ത് സെക്രട്ടറി ജെവിആര്‍ അരുണിന്‍റെ കാറില്‍ നിന്നാണ് ഈ തുക മുഴുവന്‍ കണ്ടെടുത്തത്. 2000ത്തിന്‍റെ 926 നോട്ടുകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. കൂട്ടത്തില്‍ നൂറിന്‍റെ 1530 നോട്ടുകളും 50 ന്‍റെ 1000 നോട്ടുകളും ഉണ്ടായിരുന്നു. പണത്തിന്‍റെ കൃത്യമായ ഉറവിടം വ്യക്തമാക്കാന്‍ അരുണിന് സാധിച്ചതുമല്ല. അരുണിനോട് വിശദീകരണം ചോദിച്ചെന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും ബിജെപി പാര്‍ട്ടി നേതൃത്വം പറയുന്നു.
തമിഴ്നാട് ഉന്നത ഉദ്യോഗസ്ഥന്‍ പി രാം മോഹന്‍ റെഡ്ഢിയില്‍ നിന്ന് പിടിച്ചെടുത്ത 30 ലക്ഷവും അഞ്ചു കിലോ സ്വര്‍ണവും, തമിഴ് നാടിലെ തന്നെ മൂന്ന് ബിസിനസ്സുകാരില്‍ നിന്ന് പിടിച്ചെടുത്ത 100 കിലോ സ്വര്‍ണവും 96 ലക്ഷം മൂല്യമുള്ള നിരോധിച്ച നോട്ടുകളും 34 ലക്ഷത്തിന്‍റെ പുതിയ നോട്ടുകളും എല്ലാം ചെന്നെത്തിയത് ബിജെപി നേതാക്കളുടെ ബന്ധങ്ങളിലേക്കാണ്.
പശ്ചിമബംഗാളില്‍ നിന്ന് പിടിയിലായ മനീഷ് ശര്‍മയെന്ന ബിജെപി നേതാവിന്‍റെ കാറില്‍ നിന്ന് കണ്ടെടുത്തത് 33 ലക്ഷമാണ്. രാജ്യം കറന്‍സി ക്ഷാമം അനുഭവിച്ച കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍തന്നെയായിരുന്നു ഈ അറസ്റ്റും. അതില്‍ പത്തുലക്ഷവും 2000 ത്തിന്‍റെ പുതിയ നോട്ടുകളായിരുന്നു.
മധ്യപ്രദേശിലെ ബിജെപി നേതാവ് സുശീല്‍ വസ്വാനിയുടെ വീട്ടിലും ഡിസംബര്‍ മാസത്തില്‍ റെയ്ഡ് നടന്നു. പത്തുകൊല്ലത്തോളം വസ്വാനിയായിരുന്നു മഹാനഗര്‍ സഹകരണബാങ്കിന്‍റെ ചെയര്‍ പേഴ്സണ്‍. ഇപ്പോള്‍ ആ സ്ഥാനത്ത് അദ്ദേഹത്തിന്‍റെ ഭാര്യ കിരണാണ്. നിരവധി പണവും ആയുധങ്ങളും റെയ്ഡില്‍ കണ്ടെടുത്തെന്നാണ് പുറത്ത് വന്ന വിവരമെങ്കിലും മുന്‍മന്ത്രി കൂടിയായ നേതാവ് അത് നിഷേധിച്ചിരുന്നു.
മഹാരാഷ്ട്രയിലെ സഹകരണവകുപ്പ് മന്ത്രി സുഭാഷ് ദേശ്മുഖിന്‍റെ വാഹനത്തില്‍ നിന്ന് നവംബര്‍ 18 ന് കണ്ടെടുത്തത് 91.50 ലക്ഷം രൂപയായിരുന്നു. അതും നിരോധിച്ച കറന്‍സി. തന്‍റെ ദൈനംദിന ബിസിനസ് ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച തുകയായിരുന്നു അതെന്നും, പെട്ടെന്നുവന്ന നോട്ടുനിരോധം തന്നെയും പ്രതിസന്ധിയിലാക്കിയെന്നുമായിരുന്നു മന്ത്രി നല്‍കിയ വിശദീകരണം.
ഗാസിയാബാദിലെ മറ്റൊരു ബിജെപി നേതാവിന്‍റെ കാറില്‍ നിന്ന് നവംബര്‍ 9 ന് പിടിച്ചെടുത്തതാകട്ടെ മൂന്നു കോടിയും. ഈ തുക പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ബിജെപിയുടെ കേന്ദ്രകമ്മിറ്റി ലക്നോ ഓഫീസിന് വേണ്ടി അനുവദിച്ചതെന്നായിരുന്നു പാര്‍ട്ടിയുടെ ഗാസിയാബാദ് മുന്‍പ്രസിഡന്‍റ് അശോക് മോംഗ നല്‍കിയ വിശദീകരണം.
100 കോടി രൂപയുടെ കള്ളപ്പണത്തിന്‍റെ പേരില്‍ കര്‍ണാടകയിലെ മുന്‍ ബിജെപി നേതാവായ ഗലി ജനാര്‍ദ്ദന റെഡ്ഢി തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആത്മഹത്യ ചെയ്ത രമേശ് ഗൌഡയുടെ ആത്മഹത്യകുറിപ്പിലുണ്ടായിരുന്നത് സംസ്ഥാനത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
ബിജെപി കള്ളപ്പണം വെളുപ്പിച്ചത് ഗുജറാത്തിലെ സഹകരണബാങ്കുകള്‍ മറയാക്കി
നോട്ടുനിരോധം കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സഹകരണബാങ്കുകളെ തകര്‍ക്കു ലക്ഷ്യംവെച്ചുള്ളതു കൂടിയായിരുന്നുവെന്ന് തെളിയുമ്പോഴും ബിജെപി തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഗുജറാത്തിലെ സഹകരണബാങ്കുകളെ വ്യാപകമായി മറയാക്കിയിരുന്നു.
നോട്ടുനിരോധം പ്രഖ്യാപിക്കപ്പെട്ട് മൂന്നാമത്തെ ദിവസം അഹമ്മദാബാദിലെ ജില്ലാ സഹകരണബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത് 500 കോടിയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടര്‍ ആയിട്ടുള്ള ബാങ്കായിരുന്നു ഇത്. ഡിസംബര്‍ 19 ന് ബാങ്കില്‍ നടന്ന റെയ്ഡിലാണ് ഈ അനധികൃത നിക്ഷേപത്തിന്‍റെ വിവരം പുറത്തുവന്നത്. ഗുജറാത്തിലാകെ നിരവധി ബ്രാഞ്ചുകള്‍ ബാങ്കിന് ഉണ്ടെങ്കിലും ബാങ്കിന്‍റെ ഹെഡ്ഡ് ഓഫീസിലാണ് ഇത്രയും തുക ഒരുമിച്ച് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. ഗുജറാത്തിലെ മറ്റ് പല സഹകരണ ബാങ്കുകളിലും നോട്ടുനിരോധത്തിന് ശേഷം വലിയവലിയ തുകകള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. 18 ഇത്തരത്തിലുള്ള സഹകരണ ബാങ്കുകള്‍ ഉള്ളതില്‍ 17 ഉം ബിജെപിയുടെ നേതൃത്വത്തിലുള്ളതാണ്. ഗുജറാത്ത് മന്ത്രി ശങ്കര്‍ബായ് ചൌധരി ചെയര്‍മാനായുള്ള ഗുജറാത്ത് സഹകരണ ബാങ്കില്‍ 200 കോടിയാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്.