ജഡ്ജിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ തേടി അമിത് ഷാ; ഫട്നാവിസിനെ വിളിച്ചുവരുത്തി

Update: 2018-05-26 15:58 GMT
Editor : Sithara
ജഡ്ജിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ തേടി അമിത് ഷാ; ഫട്നാവിസിനെ വിളിച്ചുവരുത്തി
ജഡ്ജിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ തേടി അമിത് ഷാ; ഫട്നാവിസിനെ വിളിച്ചുവരുത്തി
AddThis Website Tools
Advertising

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ വിളിച്ചുവരുത്തിയാണ് മാധ്യമപ്രവര്‍ത്തകനെയും കുടുംബത്തെയും കുറിച്ച് അന്വേഷിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തക സുജാത ആനന്ദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ വിളിച്ചുവരുത്തിയാണ് മാധ്യമപ്രവര്‍ത്തകനെയും കുടുംബത്തെയും കുറിച്ച് അന്വേഷിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തക സുജാത ആനന്ദാണ് ഇക്കാര്യം ട്വീറ്റിലൂടെ വെളിപ്പെടുത്തിയത്. കരുതിയിരിക്കുക, അവര്‍ ഗുജറാത്ത് മോഡല്‍ മഹാരാഷ്ട്രയിലേക്കും വ്യാപിപ്പിക്കുകയാണെന്നും സുജാത മുന്നറിയിപ്പ് നല്‍കി.

അമിത് ഷാ പ്രതി ചേര്‍ക്കപ്പെട്ട സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍ കാരവന്‍ മാഗസിനിലെ നിരഞ്ജന്‍ താക്‍ലെയാണ് റിപ്പോര്‍ട്ട് ചെയ്തത്. വിധിയെ സ്വാധീനിക്കാന്‍ ഉന്നത ഇടപെടലുണ്ടായെന്നും ലോയക്ക് 100 കോടി വാഗ്ദാനം ചെയ്തെന്നും സഹോദരി വെളിപ്പെടുത്തുകയുണ്ടായി.

2014 ഡിസംബര്‍ ഒന്നിനാണ് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ലോയ നാഗ്പൂരില്‍ വെച്ച് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചികിത്സ നല്‍കിയതിലും പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ ശേഷം കുടുംബത്തെ മരണ വിവരം അറിയിച്ചതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഫോണിലെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലായിരുന്നുവെന്നും കുടുംബം പറഞ്ഞു. ജഡ്ജിയുടെ കഴുത്തിലും ഷര്‍ട്ടിലും രക്തക്കറയുണ്ടായിരുന്നു. പാന്റ്സിന്റെ ക്ലിപ്പ് പൊട്ടിയ നിലയിലായിരുന്നു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒപ്പിട്ടിരുന്ന വ്യക്തിയെ കുറിച്ചും കുടുംബം സംശയം ഉന്നയിച്ചു. പിതൃബന്ധത്തിലുള്ള സഹോദരന്‍ എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ അങ്ങനെയൊരു ബന്ധുവിനെ അറിയില്ലെന്ന് കുടുംബം പറഞ്ഞു. വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ലോയയുടെ സഹപ്രവര്‍ത്തകര്‍ നിരുത്സാഹപ്പെടുത്തിയെന്നും സഹോദരി പറഞ്ഞു.

സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെടുമ്പോള്‍ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ ജസ്റ്റിസ് ലോയ മരിക്കുമ്പോള്‍ ബിജെപി അദ്ധ്യക്ഷനായിരുന്നു. 2005 നവംബര്‍ 26നാണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കിനെയും ഭാര്യ കൗസര്‍ബിയെയും ലഷ്‌കര്‍ ഇ തോയ്ബ ഭീകരരാണെന്ന് ആരോപിച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വെടിവെച്ച് കൊന്നത്. കേസിലെ ദൃക്‌സാക്ഷിയായിരുന്ന തുളസീറാം പ്രജാപതിയെയും കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഗുജറാത്ത് പോലീസ് പിന്നീട് വധിച്ചിരുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുപ്രീംകോടതി ഇടപെട്ട് 2012ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് കേസ് മുംബൈയിലേക്ക് മാറ്റി. 2013 സെപ്തംബറില്‍ അമിത് ഷാ ഉള്‍പ്പെടെ 36 പേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2014 ജൂണ്‍ 6ന് കോടതിയില്‍ ഹാജരാകാതിരുന്നതിന് അമിത് ഷായെ ശാസിച്ച ജഡ്ജി ജെ ടി ഉത്പതിനെ ജൂണ്‍ 25ന് സ്ഥലം മാറ്റി. തുടര്‍ന്നാണ് ജസ്റ്റിസ് ലോയയെ നിയമിച്ചത്. കേസില്‍ അമിത് ഷാ കോടതിയില്‍ നേരിട്ട് ഹാജരാകാതിരുന്നതെന്തുകൊണ്ടെന്ന് ആരാഞ്ഞ ജസ്റ്റിസ് ലോയ കേസ് പരിഗണിക്കുന്നത് 2014 ഡിസംബര്‍ 15ലേക്ക് മാറ്റിയിരുന്നു. കേസ് പരിഗണിക്കാനിരിക്കെയാണ് ഡിസംബര്‍ 1ന് ജസ്റ്റിസ് ലോയയുടെ മരണവാര്‍ത്ത പുറത്തുവരുന്നത്. ലോയ മരിച്ച് ഒരു മാസത്തിനുള്ളില്‍ ഈ കേസില്‍ അമിത് ഷാക്കെതിരെ തെളിവുകളില്ല എന്ന് ചൂണ്ടിക്കാട്ടി കുറ്റവിമുക്തനാക്കുകയും ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News