ക്ഷേത്രത്തില്‍ നിന്നും അകറ്റി നിര്‍ത്തി; 250 ദലിത് കുടുംബങ്ങള്‍ ഇസ്‍ലാം മതം സ്വീകരിക്കാനൊരുങ്ങുന്നു

Update: 2018-05-27 13:29 GMT
Editor : Damodaran
ക്ഷേത്രത്തില്‍ നിന്നും അകറ്റി നിര്‍ത്തി; 250 ദലിത് കുടുംബങ്ങള്‍ ഇസ്‍ലാം മതം സ്വീകരിക്കാനൊരുങ്ങുന്നു
Advertising

ഞങ്ങളുടെ തലമുറയെങ്കിലും അപമാനത്തില്‍ നിന്നും തൊട്ടുകൂടായ്മയില്‍ നിന്നും മുക്തി നേടണമെന്നാണ് എന്‍റെ ആഗ്രഹം. മതം മാറ്റം....

സ്ഥലത്തെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയതോടെ 250 ദലിത് കുടുംബങ്ങള്‍ ഇസ്‍ലാം മതം സ്വീകരിക്കാനൊരുങ്ങുന്നു. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ പഴങ്കള്ളിമേട്, നാഗപള്ളി എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ള ദലിത് കുടുംബങ്ങളാണ് ഇസ്‍ലാം സ്വീകരിക്കാനൊരുങ്ങുന്നത്. പഴങ്കള്ളിമേട് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ അഞ്ചു ദിവസമായി നടക്കുന്ന വാര്‍ഷിക ഉത്സവത്തില്‍ ഒരു ദിവസം തങ്ങള്‍ക്ക് കര്‍മ്മങ്ങള്‍ ചെയ്യാനുള്ള അവസരം നല്‍കണമെന്ന ആവശ്യം നിഷേധിക്കപ്പെട്ടതായി പ്രദേശത്തെ 180 ദലിത് കുടുംബങ്ങള്‍ ചൂണ്ടിക്കാട്ടി. ഹിന്ദു സമുദായത്തിലെ തന്നെ ഉയര്‍ന്ന ജാതിക്കാരുടെ ഈ നിലപാടില്‍ പ്രതിഷേധിച്ച് ആറ് ദലിതര്‍ തന്നെ ഇതിനോടകം ഇസ്‍ലാം മതം സ്വീകരിച്ചിരുന്നു.

400 കുടുംബങ്ങളാണ് പഴങ്കള്ളിമേടിലുള്ളത്. ഇതില്‍ 180 കുടുംബങ്ങളും ദലിതരാണ്. പരമ്പരാഗതമായി ജന്മികളായ പിള്ള സമുദായത്തില്‍പ്പെട്ടവരാണ് മറ്റ് കുടുംബങ്ങളില്‍ ഏറെയും. ഭദ്രകാളിയമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും വഴിപാടുകള്‍ ചെയ്യാനുമുള്ള അവസരം വേണമെന്ന ആവശ്യത്തില്‍ ഭരണകൂടമോ പൊലീസോ നല്ലൊരു സമീപനം സ്വീകരിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഇസ്‍ലാം സ്വീകരിക്കാന്‍ കുടുംബങ്ങള്‍ കൂട്ടായി തീരുമാനിച്ചതെന്ന് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വികെസിയുടെ നേതാവായ ശെന്തില്‍ കുമാര്‍ പറഞ്ഞു. അഞ്ച് ദിവസത്തെ ഉത്സവത്തില്‍ ഒരു ദിവസം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനുള്ള അവസരം അല്ലെങ്കില്‍ മഡംഗപടി നടത്താനുള്ള അവസരം നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇത് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. എന്‍റെ മാതാപിതാക്കളും അവരുടെ പൂര്‍വ്വികരുമെല്ലാം അടിമകളായിരുന്നു. ഞങ്ങളുടെ തലമുറയെങ്കിലും അപമാനത്തില്‍ നിന്നും തൊട്ടുകൂടായ്മയില്‍ നിന്നും മുക്തി നേടണമെന്നാണ് എന്‍റെ ആഗ്രഹം. മതം മാറ്റം മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള ഏക പോംവഴി - ശെന്തില്‍കുമാര്‍ പറഞ്ഞു.


തര്‍ക്ക പരിഹാരത്തിന് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു ദിവസത്തില്‍ കുറച്ചു സമയം ദലിതര്‍ക്ക് പൂജ നടത്താന്‍ അവസരം നല്‍കാമെന്ന ധാരണയുണ്ടായിട്ടുണ്ടെങ്കിലും 24 മണിക്കൂര്‍ അവസരം വേണമെന്നാണ് ആവശ്യമെന്നും ഇതില്‍മേല്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതം മാറരുതെന്ന ആവശ്യവുമായി ക്ഷേത്ര കമ്മിറ്റിക്കാരും ഇവരെ സമീപിച്ചിട്ടുണ്ട്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News