ജസ്റ്റിസ് കര്‍ണ്ണന്‍ വിരമിച്ചു
കോടതിയലക്ഷ്യക്കേസില്‍ സുപ്രിം കോടതി ആറ് മാസം തടവിന് ശിക്ഷിച്ച കര്‍ണന്‍ ഒളിവില്‍ നിന്നാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നത്.
ജസ്റ്റിസ് സിഎസ് കര്‍ണ്ണന്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ അപൂര്‍വ്വവും അസാധാരണവുമായ നടപടികള്‍ക്ക് വഴി മരുന്നിട്ടാണ് ജസ്റ്റിസ് കര്‍ണ്ണന്‍ വിരമിക്കുന്നത്. കോടതിയലക്ഷ്യക്കേസില്‍ സുപ്രിം കോടതി ആറ് മാസം തടവിന് ശിക്ഷിച്ച കര്‍ണന്‍ ഒളിവില്‍ നിന്നാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നത്. മദ്രാസ് ഹൈക്കോടതിയില്‍ സേവനമാരംഭിച്ച കര്‍ണ്ണന്‍ നിലവില്‍ കൊല്‍ക്കത്ത ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയാണ്.
2009 മാര്‍ച്ച് 30നാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കര്‍ണ്ണന്‍ നിയമിതനായത്. സഹ ജഡ്ജിമാര്‍ ദളിതനായ തനിക്ക് നേരെ ജാതി വിവേചനം കാണിക്കുന്നുവെന്നാരിപിച്ച് 2011 നവംബറില്‍ ദേശീയ പട്ടികജാതി കമ്മീഷന് കത്തയച്ചാണ് ജസ്റ്റിസ് കര്‍ണ്ണന്‍ ആദ്യം വാര്‍ത്തയില്‍ ഇടം നേടുന്നത്. 2014 ജനുവരിയില്‍ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ഒരു കേസില്‍ വാദം നടക്കുന്നതിനിടെ കോടതി മുറിയില്‍ കയറി നടപടികള്‍ തടസ്സപ്പെടുത്തിയത് വന്‍ വിവാദമായി.
2015ല്‍ മദ്രാസ് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജ് ഇന്റേര്‍ണിനെ ചേംബറില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ഉന്നയിച്ചു. 2016ല്‍ ചീഫ് ജസ്റ്റിസ് കൗള്‍ തനിക്ക് നേരെ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചു. ഇതോടെ 2016 ഫെബ്രുവരിയില്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. സ്ഥലം മാറ്റം സ്വയം സ്‌റ്റേ ചെയ്യുന്ന അസാധാരണ നടപടിയാണ് കര്‍ണ്ണനില്‍ നിന്നും പിന്നെ ഉണ്ടായത്. സ്‌റ്റേ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. കൊല്‍ക്കത്ത ഹൈക്കോടതിയിലെത്തിയ കര്‍ണ്ണന്റെ പിന്നീടുള്ള ലക്ഷ്യം മുഴുവന്‍ സുപ്രീം കോടതി ജഡ്ജിമാരായിരുന്നു.
സുപ്രിംകോടതി ജഡ്ജിമാരുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷട്രപതിക്കും കത്തയച്ചു. ഇതോടെയാണ് ജസ്റ്റിസ് കര്‍ണ്ണന്റെ ജൂഡീഷ്യല്‍ അധികാരങ്ങള്‍ റദ്ദാക്കി കോടതിയലക്ഷ്യ നടപടിയിലേക്ക് സുപ്രിംകോടതി കടന്നത്. കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം തടവിന് ശിക്ഷക്കപ്പെട്ട കര്‍ണ്ണന്‍ നിലവില്‍ ഒളിവിലാണ്. ശിക്ഷയില്‍ ഇളവാശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി വേനലവധിക്ക് ശേഷമേ പരിഗണിക്കൂ.