എസ്എസ്‍സി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച: രൂക്ഷമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ്

Update: 2018-05-27 07:44 GMT
എസ്എസ്‍സി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച: രൂക്ഷമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ്
Advertising

നിരുത്തരവാദിത്തപരമായാണ് മോദി സര്‍ക്കാര്‍ പരീക്ഷകള്‍ നടത്തുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകളും കോണ്‍ഗ്രസ് പുറത്ത് വിട്ടു

എസ്എസ്‍സി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച സ്വതന്ത്ര സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കോണ്‍ഗ്രസ്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, എസ്എസ്‍സി ചെയര്‍മാന്‍ അസീം ഖുറാന എന്നിവരെ മാറ്റിനിര്‍ത്തിയാകണം അന്വേഷണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിരുത്തരവാദിത്തപരമായാണ് മോദി സര്‍ക്കാര്‍ പരീക്ഷകള്‍ നടത്തുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകളും കോണ്‍ഗ്രസ് പുറത്ത് വിട്ടു.

എസ്എസ്‍സി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ജോലി സുരക്ഷ വാഗ്ദാനം ചെയ്യുന്ന മോദി യുവാക്കളുടെ ഭാവി തകര്‍ക്കുകയാണ്. സ്വതന്ത്ര സമിതിയെകൊണ്ട് അന്വേഷണം നടത്തേണ്ടിടത്ത് സമരം ചെയ്തവരെ മര്‍ദ്ദിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Full View

നിരുത്തരവാദിത്തപരമായാണ് മോദി സര്‍ക്കാര്‍ പരീക്ഷകള്‍ നടത്തുന്നത്. സുഗമമായ നടത്തിപ്പിനാവശ്യമായ പരീക്ഷ കേന്ദ്രങ്ങളോ സജ്ജീകരണങ്ങളോ ഇല്ല. ബിജെപി ഓഫീസിന് മുകളിലും നിര്‍മ്മാണത്തിലുള്ള കെട്ടിടത്തിലുമൊക്കെയാണ് പരീക്ഷ നടത്തിയത്. പരീക്ഷ നടത്തിപ്പിന്റെ കരാര്‍ ഏറ്റെടുത്ത സ്ഥാപനങ്ങള്‍ ബിജെപി നേതാക്കളുമായും എംഎല്‍എമാരുമായും ബന്ധമുള്ളവയാണ്. മോദി സര്‍ക്കാരിന്റെ കാലത്ത് നടന്ന 9 പരീക്ഷകള്‍ ക്രമക്കേടിനെ തുടര്‍ന്ന് പാര്‍ലമെന്ററി കമ്മറ്റി റദ്ദാക്കിയതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Tags:    

Similar News