അന്തര്‍ദേശീയ സാംസ്കാരിക സമ്മേളനം ഇന്ന്; പിഴ അടക്കാന്‍ നാലാഴ്ച കൂടി വേണമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ്
തങ്ങള്‍ ഒരു സന്നദ്ധ സംഘടനയാണെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ അഞ്ച് കോടി രൂപ കണ്ടെത്താനാകില്ലെന്നും ഫൌണ്ടേഷന്‍ ട്രൈബ്യൂണലിനെ അറിയിച്ചു.
ശ്രീ ശ്രീ രവിശങ്കറിന്‍റെ ആര്‍ട്ട് ഓഫ് ലിവിംഗ് സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സാംസ്കാരിക സമ്മേളനത്തിന് ഡല്‍ഹി യമുന നദിക്കരയില്‍ ഇന്ന് തുടക്കമാകും. പ്രധാനമന്ത്രിയും മറ്റ് വിവിഐപികളും അടക്കം 35 ലക്ഷം ആളുകള്‍ എത്തുമെന്നാണ് കരുതുന്നത്. യമുനാ തീരത്ത് പരിസ്ഥിതിക്ക് നാശംവരുത്തി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയതിന് ദേശീയ ഹരിത ട്രിബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിംഗിന് ചുമത്തിയ പിഴ അടക്കാനുള്ള സമയ പരിധിയും ഇന്ന് അവസാനിക്കും. അതേസമയം പിഴ അടക്കാന്‍ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷന്‍ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. തങ്ങള്‍ ഒരു സന്നദ്ധ സംഘടനയാണെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ അഞ്ച് കോടി രൂപ കണ്ടെത്താനാകില്ലെന്നും ഫൌണ്ടേഷന്‍ ട്രൈബ്യൂണലിനെ അറിയിച്ചു. പിഴ അടക്കില്ലെന്നും പകരം ജയിലിലേക്ക് പോകുമെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നോ എന്ന ട്രൈബ്യൂണലിന്‍റെ ചോദ്യത്തിന് അഞ്ച് കോടി രൂപ പിഴയായാണ് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതെന്നും എന്നാല്‍ പൂര്‍വ്വസ്ഥിതി പുനസ്ഥാപിക്കാനായി അടക്കുന്ന തുക മാത്രമാണ് ഇതെന്നും ഫൌണ്ടേഷന്‍ മറുപടി നല്‍കി.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് ശ്രീ ശ്രീ രവിശങ്കറിന്‍റെ മൂന്ന് ദിവസത്തെ സാംസ്കാരിക സമ്മേളനത്തിന് യമുന തീരത്ത് തുടക്കം കുറിക്കുന്നത്. വൈകീട്ട് 5 മണിക്കാണ് ഉദ്ഘാടന സമ്മേളനം. പ്രധാനമന്ത്രി അടക്കമുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്ര പ്രതിനിധികളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തേക്കും. നൃത്തവും സംഗീതവുമായി 35000 കലാകാരന്‍മാരും വേദിയിലുണ്ടാകും. വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെ 1000 ഏക്കര്‍ സ്ഥലത്താണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായോത്തോടെയാണ് സമ്മേളന നഗരി ഒരുക്കിയിരിക്കുന്നത്.
ഏറെ പാരിസ്ഥിതിക പ്രത്യേകതകളുള്ള നദീ തടം മണ്ണിട്ട് നികത്തി എന്ന ആരോപണത്തിന് പുറമെ കൃഷിയിടവും വിളകളും നശിപ്പിച്ചെന്ന പരാതിയുമായി കര്‍ഷകരും പരിപാടിക്കെതിരെ രംഗത്തുണ്ട്. സൈന്യത്തെ ഉപയോഗിച്ച് നിര്‍മ്മിച്ച പാലങ്ങളും വിവാദത്തിന് വഴിവച്ചിരുന്നു. പരിസ്ഥിതിക്ക് നാശംവരുത്തി നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തിയതിന് ദേശീയ ഹരിത ട്രിബ്യൂണല്‍ ചുമത്തിയ 5 കോടി പിഴ അടക്കില്ലെന്നാണ് ശ്രീ ശ്രീ രവിശങ്കറിന്‍റെ നിലപാട്. പിഴ അടച്ചില്ലെങ്കില്‍ നിയമ നടപടിയുണ്ടാകുമെന്ന് ഹരിതട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്.