റിപ്പബ്ലിക് ചാനലില്‍ നേരിട്ട മാനസിക പീഡനം വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകയുടെ രാജിക്കത്ത്

Update: 2018-05-28 22:35 GMT
Editor : Sithara
റിപ്പബ്ലിക് ചാനലില്‍ നേരിട്ട മാനസിക പീഡനം വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകയുടെ രാജിക്കത്ത്
Advertising

ഇന്നെങ്കിലും തുറന്നുപറഞ്ഞില്ലെങ്കില്‍ താനൊരു മാധ്യമപ്രവര്‍ത്തക ആണെന്ന് പറയുന്നതില്‍ എന്തുകാര്യം എന്ന് ചോദിച്ചാണ് താന്‍ അര്‍ണബിന്‍റെ ചാനലില്‍ നേരിട്ട മാനസിക പീഡനത്തെക്കുറിച്ചും ജോലി ഉപേക്ഷിക്കാനുണ്ടായ കാരണത്തെ കുറിച്ചും ശ്വേത കോത്താരി വെളിപ്പെടുത്തിയത്

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലില്‍ നിന്നും മാധ്യമപ്രവര്‍ത്തക ശ്വേത കോത്താരി രാജിവെച്ചു. താന്‍ ചാനലില്‍ നേരിട്ട മാനസിക പീഡനത്തെക്കുറിച്ചും ജോലി ഉപേക്ഷിക്കാനുണ്ടായ കാരണത്തെ കുറിച്ചും ശ്വേത ഫേസ് ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു.

താന്‍ ശശി തരൂരിനായി ചാരപ്രവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ സംശയമെന്ന് ശ്വേത പറയുന്നു. സംശയത്തിനുള്ള പ്രധാന കാരണം ശശി തരൂര്‍ തന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നു എന്നതാണ്. ശശി തരൂര്‍ റിപ്പബ്ലിക് ചാനലിലേക്ക് ചാരപ്രവര്‍ത്തനത്തിനായി തന്നെ കടത്തിവിട്ടതാണെന്ന് അര്‍ണബ് സംശയിക്കുന്നതായി തന്റെ റിപ്പോര്‍ട്ടിംഗ് മാനേജര്‍ തന്നെയാണ് അറിയിച്ചത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അര്‍ണബ് നിരന്തരം പരിശോധിച്ചിരുന്നു. ശശി തരൂര്‍ പണം നല്‍കുന്നുണ്ടോ എന്നറിയാന്‍ തന്‍റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് നടത്തിയ അന്വേഷണത്തെ കുറിച്ചും അറിഞ്ഞെന്ന് ശ്വേത പറയുന്നു.

അതേസമയം താന്‍ ഇന്നുവരെ തരൂരിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ശ്വേത വ്യക്തമാക്കി. ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും ആരും ചെവിക്കൊണ്ടില്ല. എന്നാല്‍ ഒക്ടോബര്‍ ഒമ്പതിന് തന്‍റെ വിശ്വാസ്യതയെ ചോദ്യംചെയ്തുകൊണ്ട് ചാനലിലെ സ്പെഷ്യല്‍ പ്രൊജക്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കി. ആത്മാഭിമാനത്തിന് മുറിവേറ്റു. ഇത്തരത്തില്‍ നിരീക്ഷിക്കപ്പെട്ട ആദ്യത്തെയോ അവസാനത്തെയോ വ്യക്തിയല്ല താനെന്നും ശ്വേത പറഞ്ഞു.

തനിക്ക് ഇത്തരം അനുഭവം സ്ഥാപനത്തില്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം മെയ് മാസത്തില്‍ ഒരു വാര്‍ത്തയുടെ ഭാഗമായി ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറുമായുള്ള സംഭാഷണം ഒളിക്യാമറയില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ താന്‍ എസ്എച്ച്ഒയുമായി സല്ലപിക്കുകയായിരുന്നുവെന്നാണ് ഒരു മുതിര്‍ന്ന എഡിറ്റര്‍ ആരോപിച്ചത്. പ്രതിഷേധിച്ചപ്പോള്‍ സംഭാഷണം പുറത്തുവിടുമെന്നും കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

ഇതിന് മുന്‍പ് രണ്ട് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടും ഇത്തരം അനുഭവമുണ്ടായിട്ടില്ല. റിപ്പബ്ലിക്കിലുണ്ടായ അനുഭവം തുറന്നുപറഞ്ഞാല്‍ അത് കരിയറിനെ ബാധിക്കുമെന്ന് അഭ്യുദയകാംക്ഷികള്‍ ഉപദേശിച്ചു. പക്ഷേ ഇന്നെങ്കിലും ഇത് തുറന്നുപറഞ്ഞില്ലെങ്കില്‍ താനൊരു മാധ്യമപ്രവര്‍ത്തക ആണെന്ന് പറയുന്നതില്‍ എന്തുകാര്യം എന്ന് ചോദിച്ചാണ് ശ്വേത ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News