ഭരണത്തില്‍ രണ്ട് വര്‍ഷം: മോദിയുടെ വികസന പദ്ധതികള്‍ ജനങ്ങളറിഞ്ഞിട്ടു പോലുമില്ല
ധന്‍ ജന്‍ യോജനയ്ക്കും സ്വഛ് ഭാരത് പദ്ധതിയ്ക്കും മാത്രമാണ് ജനശ്രദ്ധ നേടാന്‍ കഴിഞ്ഞതെന്ന് സര്‍വ്വേ ഫലം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പദ്ധതികള്‍ക്ക് കാര്യമായ ചലനങ്ങളില്ലെന്ന് പഠന റിപ്പോര്‍ട്ട്. ധന്‍ ജന്‍ യോജനയ്ക്കും സ്വഛ് ഭാരത് പദ്ധതിയ്ക്കും മാത്രമാണ് ജനശ്രദ്ധ നേടാന്‍ കഴിഞ്ഞതെന്ന് സര്‍വ്വേ ഫലം. മോദി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പകുതിയിലധികവും പാതിവഴിയിലാണ്. പരസ്യത്തിനായി കോടികള്‍ ചെലവഴിച്ചിട്ടും മൂന്ന് ശതമാനത്തോളം ആളുകള്‍ക്ക് മാത്രമാണ് പദ്ധതികളെക്കുറിച്ച് അറിവുള്ളതെന്നാണ് പഠനം വ്യക്തമാക്കുന്നത്.
2014ല്‍ മോദി അധികാരത്തില്‍ വന്ന ശേഷം മുന്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചതുള്‍പ്പെടെ 40 പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. ഈ പദ്ധതികളുടെ പരസ്യത്തിനായി 1000 കോടിയോളം രൂപ ചെലവഴിക്കുകയും ചെയ്തു. സര്‍വ്വെ ഫലം അനുസരിച്ച് പ്രഖ്യാപിച്ച 40 പദ്ധതികളില്‍ 25 എണ്ണം മാത്രമാണ് മൂന്ന് ശതമാനം ആളുകള്‍ക്കെങ്കിലും അറിവുള്ളത്. ആറോ ഏഴോ പദ്ധതികളെക്കുറിച്ച് മാത്രമാണ് 25 ശതമാനം ആളുകള്‍ക്ക് അറിവുള്ളത് . ജന്‍ ധന്‍ യോജന, സ്വഛ് ഭാരത്, അഡല്‍ പെന്‍ഷന്‍, പ്രധാന്‍ മന്ത്രി ഗ്രാമീണ്‍ സഡക് തുടങ്ങിയ പദ്ധതികളാണവ. സ്റ്റാര്‍ട്ട് അപ് ഇന്ത്യ, ബുള്ളറ്റ് ട്രെയിന്‍ എന്നീ പദ്ധതികളെ അപേക്ഷിച്ച് ഡിജിറ്റല്‍ ഇന്ത്യയ്ക്കും മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കും കൂടുതല്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.
ന്യൂനപക്ഷത്തിനുള്ള പ്രധാന്‍ മന്ത്രി കൃഷി സിന്‍ചയി യോജന, അംഗവൈകല്യമുള്ളവര്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതി, മാതൃഭൂമി വികാസ് യോജന, ബാല്‍ വികാസ് യോജന, നമാമി ഗംഗ തുടങ്ങിയ പദ്ധതികള്‍ക്ക് ചെറിയ തോതിലുള്ള പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പഠനം വിലയിരുത്തുന്നു. വികസന പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള അറിവും പദ്ധതി നടത്തിപ്പിലുള്ള പുരോഗതിയും വിലയിരുത്തുന്നതിനായി 4000 പേര്‍ക്കിടയില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.