അവഗണിക്കപ്പെട്ടവര്‍ ചരിത്രം കുറിച്ച അഹമ്മദാബാദിലെ ശുചീകരണ തൊഴിലാളി സമരം
ക്രഡിറ്റ് തങ്ങള്‍ക്കാണെങ്കിലും അതിന് വിജയത്തിന്റെ നിറം നല്‍കിയത് ജിഗ്നേഷ് എന്ന സമരനായകനാണെന്ന് തൊഴിലാളികള്‍ക്കറിയാം
ഇത്, ചരിത്രമാണ്, അതുവരെയുള്ള ഇരുണ്ട ചരിത്രത്തെ മാറ്റിയെഴുതിയ ചരിത്രം...സുവര്‍ണ്ണ ലിപികള്‍ കൊണ്ട് രേഖപ്പെടുത്തേണ്ട ഈ സമര വിജയത്തിന്റെ എല്ലാ ക്രഡിറ്റും അവര്‍ക്കാണ്, മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, കഴിഞ്ഞ 36 ദിവസങ്ങളായി എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് നെഞ്ചുറപ്പോടെ നിന്ന തൊഴിലാളികള്‍ക്ക്...അഹമ്മദാബാദിന്റെ സമര ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായ ഒരേടായി മാറിയ ശുചീകരണ തൊഴിലാളികളുടെ സമരത്തിന് തിരശ്ശീല വീഴുമ്പോള്‍ നായകന്‍ ജിഗ്നേഷ് മേവാനി തിങ്ങിനിറഞ്ഞ തൊഴിലാളികളോടായി പറഞ്ഞു. ക്രഡിറ്റ് തങ്ങള്‍ക്കാണെങ്കിലും അതിന് വിജയത്തിന്റെ നിറം നല്‍കിയത് ജിഗ്നേഷ് എന്ന സമരനായകനാണെന്ന് തൊഴിലാളികള്‍ക്കറിയാം...ചരിത്രപരമായ സമരത്തിന് ശേഷം പുതിയൊരു പ്രഭാതത്തിലേക്ക് കണ്‍ തുറന്നിരിക്കുകയാണ് അവര്‍.
സമരത്തിലേക്ക്
അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളിയായിരുന്നു ഹിരു പരാമര്‍. 22 വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ മാസം കോര്‍പ്പറേഷന്റെ പടിയിറങ്ങുമ്പോള്‍ ഹിരുവിന്റെ കയ്യില്‍ ഒന്നുമുണ്ടായിരുന്നില്ല, വിരമിക്കലിന്റെതായ യാതൊരു വിധ ആനുകൂല്യങ്ങളുമില്ല, പ്രൊവിഡന്റ് ഫണ്ടോ, ചികിത്സാ ആനുകൂല്യങ്ങളോ ഇല്ല, മുന്നോട്ടുള്ള ജീവിതത്തിന് ഒന്നുമില്ലാതെയുള്ള പടിയിറക്കം. 270 രൂപാ ദിവസവേതനത്തിനായിരുന്നു ഹിരു ജോലി ചെയ്തിരുന്നത്. തന്റെ മാത്രമല്ല, മറ്റ് തൊഴിലാളികളുടെയും അവസ്ഥ ഇതാണല്ലോ എന്ന് ഹിരു ചിന്തിക്കാതിരുന്നില്ല. അതൊരു സമരത്തിലേക്കുള്ള തുടക്കമായിരുന്നു. ഗുജറാത്ത് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, ഗുജറാത്ത് മസ്ദൂര്‍ സഭ, ജന്‍ സംഘര്‍ഷ് മഞ്ച് എന്നിവയുടെ നേതൃത്വത്തില്‍ ആഗസ്ത് 22നാണ് അഹമ്മദാബാദിലെ ശുചീകരണ തൊഴിലാളികള്‍ സമരം തുടങ്ങിയത്. 22ന് തുടങ്ങിയ സമരം ഒരു മാസം പിന്നിടുമ്പോഴേക്കും സമര രംഗത്തെ നിര്‍ണായ ശക്തിയായി അവര്‍ മാറിക്കഴിഞ്ഞിരുന്നു. 36 ദിവസം നീണ്ടുനിന്ന സമരത്തിന് ശേഷമായിരുന്നു തൊഴിലാളികളുടെ അവകാശങ്ങള്‍ എഎംസി അംഗീകരിച്ചത്. തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ മൂന്നു മാസത്തെ സമയമാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നെ സംബന്ധിച്ച് നേട്ടങ്ങളൊന്നുമില്ല, പക്ഷേ മറ്റ് തൊഴിലാളികളുടെ ഭാവിജീവിതം സുരക്ഷിതമായല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്...ഹിരു പറയുന്നു.
അനിവാര്യമായ പോരാട്ടം
ജിഗ്നേഷിനെപ്പോലെ സമരത്തിന് നേതൃത്വം നല്‍കിയ മറ്റൊരാളായിരുന്നു ഹിതന്‍ മഖ്വാന. പടിഞ്ഞാറന്‍ മേഖലയിലുള്ള തൊഴിലാളികള്‍ ഇന്നലെ മുതല്‍ ജോലി പുനരാരംഭിച്ചതായി മഖ്വാന പറഞ്ഞു. അഹമ്മദാബാദ് നഗരത്തിന്റെ 25 ശതമാനത്തോളം വരുന്നതാണ് 178 ചതുരശ്ര കി.മീ വരുന്ന പടിഞ്ഞാറന്‍ മേഖല. 6000 ശുചീകരണ തൊഴിലാളികളാണ് ഇവിടെയുള്ളത്. വാല്‍മീകി സമുദായത്തില്‍ പെട്ട സ്ത്രീകളാണ് ഇതില്‍ കൂടുതലും. ഇതില്‍ 219 പേര്‍ക്ക് മാത്രമാണ് അംഗീകാരമുള്ളത്. മറ്റുള്ളവര്‍ കരാറടിസ്ഥാനത്തിലും ജോലി ചെയ്യുന്നു. പലരും ഒരു ആനുകൂല്യങ്ങളുമില്ലാതെ ഒരു നൂറ്റാണ്ടിലധികമായി ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍. മാലിന്യങ്ങള്‍ പെറുക്കുക, കൊതുകനശീകരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ ടാങ്കുകള്‍ വൃത്തിയാക്കുക, (തോട്ടി വേലയും ഇതിലുള്‍പ്പെടും) തുടങ്ങിയവയാണ് ഒരു ശുചീകരണ തൊഴിലാളിയുടെ പ്രധാന ജോലി. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് സഫായി കമാദര്‍ എന്ന് വിളിക്കുന്ന ഈ തൊഴിലാളികള്‍ ജോലിക്കിറങ്ങുന്നത്. ഇക്കാരണം കൊണ്ടു തന്നെ ജോലിക്കിടയില്‍ വച്ച് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകേണ്ടി വന്നിട്ടുണ്ട്. മാലിന്യ ടാങ്കുകള്‍ വൃത്തിയാക്കുക എന്നത് വളരെ ദുഷ്കരമായ ജോലിയാണെന്ന് ശുചീകരണ തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ രാഷ്ട്രീയ കര്‍മചാരി ആന്ദോളന്‍ സമിതി പ്രവര്‍ത്തകര്‍ ഈശ്വര്‍ ഭായ് വഗേല പറയുന്നു. ശുചീകരണ പ്രവര്‍ത്തനത്തിടെ മരിച്ച തൊഴിലാളികളുട കണക്കെടുപ്പിലാണ് വഗേല. അഹമ്മദാബാദില്‍ മാത്രമായി ഏകദേശം 65 തൊഴിലാളികള്‍ ഇത്തരത്തില്‍ മരിച്ചിട്ടുണ്ടെന്ന് വഖേല പറയുന്നു.
36 ദിവസം നീണ്ടു നിന്ന സമരത്തിനിടയില്‍ തൊഴിലാളികള്‍ക്ക് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന ഭീഷണിയുണ്ടായി, സമര മുഖത്തു നിന്നുംപല തവണ പൊലീസ് നീക്കം ചെയ്തു, തൊഴിലാളികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിരിച്ചു വിടല്‍ ഭീഷണി മൂലം സെപ്തംബര്‍ 2ന് പടിഞ്ഞാറന്‍ മേഖലയിലെ 25 തൊഴിലാളികള്‍ വീണ്ടു ജോലിക്ക് കയറി. തങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് ഗുജറാത്ത മസ്ദൂര്‍ സഭ പ്രസിഡന്റ് അമരീഷ് പട്ടേല്‍ വ്യക്തമാക്കി. ആ ആഴ്ചയില്‍ തന്നെ മുതിര്‍ന്ന ബിജെപി നേതാവിന്റെ വീടിന് മുന്നില്‍ മാലിന്യം നിക്ഷേപിച്ചു എന്നാരോപിച്ച് സമരക്കാര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിച്ചതോടൊപ്പം ഈ എഫ്ഐആര്‍ റദ്ദ് ചെയ്യുകയായിരുന്നു.
സമരം തുടരുമ്പോള്‍ മാലിന്യം കൊണ്ട് നഗരം ചീഞ്ഞു നാറുകയായിരുന്നു. മാലിന്യം നീക്കം ചെയ്യാനുള്ള നടപടികളൊന്നും ഫലം കണ്ടില്ല. ഒടുവില്‍ ജെസിബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചെങ്കിലും സമരക്കാര്‍ അത് തടസപ്പെടുത്തി. മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനെതിരെ ജനങ്ങള്‍ പരാതിയുമായി രംഗത്തെത്തി. പൊലീസിന്റെ സഹായത്തോടെ മാലിന്യം നീക്കം ചെയ്യാനായിരുന്നു എഎംസിയുടെ ശ്രമം. അതിനായി അഞ്ച് സംഘങ്ങളെ നിയോഗിച്ചു. സമരക്കാരെ പേടിച്ച് രാത്രി മാലിന്യം നീക്കം ചെയ്യാനായിരുന്നു ഇവരുടെ പരിപാടി. ഒക്ടോബര്‍ 30 വരെയായിരുന്നു കരാര്‍. ഈ നടപടിയില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 26ന് സഫായി കമാദര്‍ തൊഴിലാളികള്‍ ദനാപതിലുള്ള എഎംസി കെട്ടിടം ഖരാവോ ചെയ്യാന്‍ തീരുമാനിച്ചു. സമരക്കാരെ നീക്കം ചെയ്യാന്‍ വന്‍ പൊലീസ് സന്നാഹം തന്നെ എത്തിയിരുന്നു, സ്ത്രീകളുള്‍പ്പെടെയുള്ള നിരവധി സമരക്കാര്‍ക്ക് മര്‍ദ്ദനമേറ്റു, റോഡിലൂടെ വലിച്ചിഴച്ചു. ഗര്‍ഭിണി കൂടിയായ കാഞ്ചന്‍ബെന്‍ ഹീമുഭായിയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. തലക്ക് മാരകമായി പരിക്കേറ്റ അവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആ ദിവസം തന്നെയായിരുന്നു അഹമ്മദാബാദ് മുനിസിപ്പല്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സമരം തുടങ്ങി. ജോലി സ്ഥിരപ്പെടുത്തുക, ആനുകൂല്യങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. രണ്ട് പ്രക്ഷോഭങ്ങളില്‍ നിന്നായി 1500 ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നേതാക്കളുള്‍പ്പെടെയുള്ളവര്‍ എട്ട് മണിക്കുറിലധികം തടവില്‍ കിടന്നു, ജിഗ്നേഷ് മേവാനി, ഷംസാദ് പത്തന്‍, അമരീഷ് പട്ടേല്‍, ഹിതന്‍ മഖ്വാന, സുബോദ് പരാമര്‍, നിര്‍ജഹാരി സിന്‍ഹ എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. തൊട്ടടുത്ത ദിവസവും ശുചീകരണ തൊഴിലാളികളും ഡ്രൈവര്‍മാരും സമരരംഗത്തുണ്ടായിരുന്നു. റോഡ് ഉപരോധമായിരുന്നു ഇക്കുറി അവരുടെ സമര മാര്‍ഗം. പൊലീസ് ഇതിനെയും ക്രൂരമായി തന്നെ നേരിട്ടു. ജിഗ്നേഷ് മേവാനി ഉള്‍പ്പെടെയുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചു, അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. സമരക്കാരിയായ ദീയുബേന്നിന്റെ മുടിയില്‍ പിടിച്ചായിരുന്നു ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ കൃത്യ നിര്‍വ്വഹണം. ഒരു സ്ത്രീ റോഡില്‍ കുഴഞ്ഞു വീണു. സമരക്കാരുടെ യാതനകള്‍ക്ക് അന്ന് വൈകിട്ടോടെ ഫലം കണ്ട കാഴ്ചയാണ് പിന്നീട് കണ്ടത്. ശുചീകരണ തൊഴിലാളികളുടെ ആവശ്യങ്ങള്‍ എഎംസി അംഗീകരിച്ചു.