കനയ്യകുമാര്‍ 'ഡോക്ടറായാല്‍' എങ്ങനെ രോഗികളെ ചികിത്സിക്കുമെന്ന് വീര്‍ സേന നേതാവ്
കനയ്യ സാഹിത്യത്തിലാണ് ഗവേഷണം നടത്തുന്നതെന്ന് പറഞ്ഞപ്പോള്‍ എന്ത് പഠിച്ചാലും ഒടുവില്‍ അവന്‍ ഡോക്ടറാവില്ലേ എന്നായിരുന്നു നേതാവിന്റെ മറുചോദ്യം...
ജെഎന്‍യുവില്‍ നിന്നും ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയാല്‍ കനയ്യ കുമാര്‍ എങ്ങനെയാണ് തന്റെ രോഗികളെ ചികിത്സിക്കുകയെന്ന് ഹിന്ദു സംഘടനയായ വീര്‍ സേനയുടെ നേതാവിന്റെ ചേദ്യം. പിഎച്ച്ഡിയും എംബിബിഎസും തമ്മില്‍ മാറിപ്പോയ വീര്‍ സേന നേതാവ് നിരഞ്ജന്‍ പാലിന്റെ വിഡ്ഢിത്തം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചെങ്കിലും അദ്ദേഹം തിരുത്താന്‍ തയ്യാറായില്ല. എന്ത് പഠിച്ചാലും കനയ്യ ഒടുവില്‍ ഡോക്ടറാകുമല്ലോ എന്നായിരുന്നു നിരഞ്ജന്‍ പാലിന്റെ മറുചോദ്യം.
ഏപ്രില്‍ 23ന് കനയ്യ കുമാര്‍ മുംബൈയില്‍ പ്രസംഗിക്കുന്നത് തടയുമെന്ന് പരസ്യമായി പ്രഖ്യാപിച്ച സംഘടനയാണ് വീര്‍ സേന. ജെ.എന്‍.യുവില്‍ നിന്നും പി.എച്ച്.ഡി എടുക്കുകയാണ് കനയ്യ കുമാറെന്ന് നമുക്കറിയാം. രാഷ്ട്രത്തെ തകര്‍ക്കുമെന്ന് അവന്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള ഒരാള്‍ ഡോക്ടറായാല്‍ കാണാനെത്തുന്ന രോഗികളെ എങ്ങനെയായിരിക്കും ചികിത്സിക്കുക?' എന്നായിരുന്നു നിരഞ്ജന്‍ പാലിന്റെ ചോദ്യം.
കനയ്യകുമാര്‍ വൈദ്യശാസ്ത്രമല്ല സാഹിത്യമാണ് പഠിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിട്ടും നിരഞ്ജന്‍ പാല്‍ അബദ്ധം തുടര്‍ന്നു.' എന്ത് പഠിച്ചാലും ഒടുവില്‍ അവനൊരു ഡോക്ടറാവില്ലേ. രോഗികള്‍ അവനെ സമീപിക്കില്ലേ' എന്നായിരുന്നു നിരഞ്ജന്‍ പാലിന്റെ മറുചോദ്യം. കനയ്യ രോഗികളെ പരിശോധിക്കുമോ അതോ ഓപ്പറേഷന്‍ നടത്തുമോയെന്നും പാല്‍ ചോദിച്ചു. പി.എച്ച്.ഡിയും എം.ബി.ബി.എസും ഒന്നല്ല മാധ്യമങ്ങള്‍ പലതവണ ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ല.
ഏപ്രില്‍ 23ന് കനയ്യകുമാര്‍ മുംബൈയിലെത്തിയാല്‍ വരുന്നതുപോലെ തിരിച്ചുപോകില്ല എന്ന ഭീഷണിയുമായി വീര്‍സേന ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചു. കനയ്യകുമാറിന്റെ വരവ് മുംബൈയുടെ സമാധാന കാലാവസ്ഥയെ തകര്‍ക്കുമെന്നും കനയ്യ ഇന്ത്യയില്‍ തന്നെ താമസിക്കാന്‍ യോഗ്യനല്ലെന്നും ഹിന്ദു ഗോരക്ഷാ സമിതി നേതാവ് വൈഭവ് റാവുത്ത് പറഞ്ഞു. ഭരണഘടനാപരമായി തന്നെ മുംബൈയില്‍ കനയ്യകുമാറിന്റെ പ്രസംഗം തടയാനുള്ള ശ്രമങ്ങളും നടത്തുമെന്ന് അഡ്വ. ജയേഷ് ടിക്കെ പറഞ്ഞു.