രാജസ്ഥാനില്‍ മേല്‍ജാതിക്കാരായ ഹിന്ദുക്കളുടെ ഭീഷണി; മുസ്‍ലിംകള്‍ ഗ്രാമം വിട്ടു

Update: 2018-05-29 05:27 GMT
Editor : Sithara
രാജസ്ഥാനില്‍ മേല്‍ജാതിക്കാരായ ഹിന്ദുക്കളുടെ ഭീഷണി; മുസ്‍ലിംകള്‍ ഗ്രാമം വിട്ടു
Advertising

ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ മേല്‍ജാതിക്കാരായ ഹിന്ദുക്കളുടെ ഭീഷണിയെ തുടര്‍ന്ന് ഇരുന്നൂറോളം മുസ്‍ലിംകള്‍ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്തു.

ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ മേല്‍ജാതിക്കാരായ ഹിന്ദുക്കളുടെ ഭീഷണിയെ തുടര്‍ന്ന് ഇരുന്നൂറോളം മുസ്‍ലിംകള്‍ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്തു. ജയ്‌സാല്‍മീര്‍ ജില്ലയിലെ ദന്തല്‍ ഗ്രാമത്തിലാണ് സംഭവം. ബലാദ് ഗ്രാമത്തിലാണ് പലായനം ചെയ്ത 20 മുസ്‍ലിം കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത്. പൊലീസ് സംരക്ഷണത്തിലാണ് ഇവര്‍ കഴിയുന്നത്.

നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയില്‍ പാടാനെത്തിയ അഹമ്മദ് ഖാനെന്ന നാടോടി ഗായകനെ പ്രദേശത്തെ പ്രമുഖനായ രമേഷ് സുതാറിന്‍റെ നേതൃത്വത്തില്‍ ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. താന്‍ ആവശ്യപ്പെട്ട രാഗത്തില്‍ പാടാന്‍ രമേഷ് സുതാര്‍ അഹമ്മദ് ഖാനെ നിര്‍ബന്ധിച്ചു. അങ്ങനെ പാടുമ്പോള്‍ ദൈവികശക്തി വിശ്വാസികളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം. എന്നാല്‍ അഹമ്മദ് ഖാന്‍ പാടിയപ്പോള്‍ തന്‍റെ ശരീരത്തില്‍ ദൈവിക ചെതന്യമുണ്ടായില്ലെന്ന് പറഞ്ഞ് സുതാര്‍ പ്രശ്നമുണ്ടാക്കി. അഹമ്മദ് ഖാന്റെ സംഗീത ഉപകരണങ്ങള്‍ നശിപ്പിച്ചു. അന്ന് രാത്രി തന്നെ പാട്ടുകാരനായ അഹമ്മദ് ഖാനെ വീട്ടില്‍ നിന്നും ഒരു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. പൊലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് സുതാറിന്‍റെ ആളുകള്‍ അഹമ്മദ് ഖാന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തി.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അടുത്ത ഗ്രാമത്തില്‍ നിന്നും ബന്ധുക്കള്‍ എത്തിയതിന് ശേഷമാണ് കുടുംബത്തിന് പരാതി നല്‍കാനുള്ള ധൈര്യമുണ്ടായത്. പിന്നാലെ മേല്‍ജാതിക്കാരായ ഹിന്ദുക്കള്‍ ഗ്രാമത്തിലെ മുഴുവന്‍ മുസ്‍ലിംകളോടും നാട് വിട്ട് പോകണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിന്നാലെയാണ് ഇരുന്നൂറോളം മുസ്‍ലിംകള്‍ വീടും ഗ്രാമവും വിട്ട് അടുത്ത ഗ്രാമത്തില്‍ അഭയം തേടിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഗ്രാമം വിട്ടവരെ തിരിച്ചുകൊണ്ടുവന്ന് അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ജെയ്സല്‍മീര്‍ എസ്‍പി ഗൌരവ് യാദവ് പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News