നല്ല സ്ത്രീധനം കൊടുത്താല്‍ വിരൂപയ്ക്കും വരനെ ലഭിക്കും; സ്ത്രീധനത്തിന്റെ പ്രയോജനങ്ങളുമായി പാഠപുസ്തകം
ബംഗലൂരു ശാന്തി നഗറിലെ സെന്റ് ജോസഫ് കോളേജിലെ ബിഎ സോഷ്യോളജി വിദ്യാർത്ഥികൾക്ക് നൽകിയ സ്റ്റഡി മെറ്റീരിയലിലാണ് സ്ത്രീധനത്തിന്റെ ‘ഗുണഗണങ്ങൾ’ അക്കമിട്ട് പറഞ്ഞിരിക്കുന്നത്.
സ്ത്രീധന പീഡനവും അതുവഴിയുള്ള വിവാഹമോചനങ്ങളും ആത്മഹത്യകളും പെരുകുമ്പോഴും സ്ത്രീധനത്തിന്റെ പ്രയോജനങ്ങള്‍ എണ്ണിപ്പറഞ്ഞ് ഒരു പാഠപുസ്തകം. സ്ത്രീധനം നല്ലതാണെന്നാണ് ഇത് സമര്‍ത്ഥിക്കുന്നത്. ബംഗലൂരു ശാന്തി നഗറിലെ സെന്റ് ജോസഫ് കോളേജിലെ ബിഎ സോഷ്യോളജി വിദ്യാർത്ഥികൾക്ക് നൽകിയ സ്റ്റഡി മെറ്റീരിയലിലാണ് സ്ത്രീധനത്തിന്റെ ‘ഗുണഗണങ്ങൾ’ അക്കമിട്ട് പറഞ്ഞിരിക്കുന്നത്. റിതിക് രമേശ് എന്ന യുവതി ഈ പാഠഭാഗം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഏഴായിരത്തിലധികം പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
നല്ല തുക സ്ത്രീധനമായി നല്‍കിയാല്‍ വിരൂപയായ പെണ്‍കുട്ടിക്കും വരനെ ലഭിക്കുമെന്നും സുന്ദരനായ, സത്ഗുണ സമ്പന്നനായ യുവാക്കളെ ഭര്‍ത്താവായി ലഭിക്കണമെങ്കില്‍ സ്ത്രീധനം ആവശ്യമാണെന്നും ഇതില്‍ പറയുന്നു. നല്ലൊരു ജീവിതം തുടങ്ങാന്‍ സ്ത്രീധനം ആവശ്യമാണ്. സ്ത്രീധനം ഭര്‍തൃവീട്ടില്‍ പെണ്ണിന്റെ അന്തസ് ഉയര്‍ത്തുന്നു. ഭര്‍ത്താവിന്റെ സ്നേഹവും സംരക്ഷണവും ലഭിക്കാനും സ്ത്രീധനം അത്യാവശ്യമാണ്. നല്ല സ്ത്രീധനം കൊടുക്കാതിരുന്നാല്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിക്ക് ഭര്‍തൃസ്നേഹം ലഭിക്കില്ല. എന്നിങ്ങനെ പോകുന്നു സ്ത്രീധനത്തിന്റെ ഗുണങ്ങള്‍. സ്ത്രീധനം കുടുംബത്തിലെ സാഹോദര്യവും ഐക്യവും നിലനിര്‍ത്തുന്നതായും പാഠപുസ്തകത്തില്‍ പറയുന്നു.
ഏത് പുസ്തകത്തിൽ നിന്നുമാണ് ഈ ഭാഗം എടുത്തിരിക്കുന്നതെറിയില്ലെന്നും അധ്യാപകർ വിവിധ പുസ്തകങ്ങളിൽ നിന്നും പഠിക്കാനുള്ള ഭാഗങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് തരികയാണ് ചെയ്യാറെന്നും അത്തരത്തിൽ ലഭിച്ച ഫോട്ടോസ്റ്റാറ്റാണ് ഇതെന്നുമാണ് ഈ പാഠഭാഗം ലഭിച്ച വിദ്യാർത്ഥി പറഞ്ഞത്. എന്നാൽ തങ്ങൾ സ്റ്റഡി മെറ്റീരിയലുകളോ ഫോട്ടോസ്റ്റാറ്റുകളോ വിതരണം ചെയ്യാറില്ലെന്നും ക്ലാസിൽ പാഠഭാഗങ്ങൾ ചർച്ച ചെയ്യാറാണ് പതിവെന്നുമായിരുന്നു കോളേജ് അധികൃതരുടെ വാദം.