മേഘാലയയില്‍ കോണ്‍റാഡ് സാങ്മ സര്‍ക്കാര്‍ അധികാരമേറ്റു
കോണ്‍റാഡ് സാങ്മയെ മുഖ്യമന്ത്രിയാക്കുന്നതിലും ബിജെപിയെ സഖ്യകക്ഷിയാക്കുന്നതിലുമുള്ള എച്ച്എസ്പിഡിപി പ്രതിഷേധം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ അധികാരമേറ്റത്.
മേഘാലയയില്‍ കോണ്‍റാഡ് സാങ്മ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സാങ്മയെ മുഖ്യമന്ത്രിയാക്കുന്നതിലും ബിജെപിയെ സഖ്യകക്ഷിയാക്കുന്നതിലുമുള്ള എച്ച്എസ്പിഡിപി പ്രതിഷേധം നിലനില്‍ക്കെയാണ് സാങ്മ സര്‍ക്കാര്‍ അധികാരമേറ്റത്. വടക്ക് കിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന് മാത്രമേ സ്വാധീനമുണ്ടാക്കാനാകൂ എന്ന ധാരണയാണ് ബിജെപി മാറ്റിയിരിക്കുന്നതെന്ന് ചടങ്ങിന് ശേഷം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു.
ഷില്ലോങില്‍ നടന്ന പ്രൌഢഗംഭീരമായ ചടങ്ങിലാണ് കോണ്‍റാഡ് സാങ്മ സര്‍ക്കാര്‍ അധികാരത്തിലേറിയത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഭ്യന്തമന്ത്രി രാജ്നാഥ്സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.
ഇതിനിടെ സാങ്മയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത് സഖ്യകക്ഷികളോട് ആലോചിക്കാതെയാണെന്നും ബിജെപി, കോണ്‍ഗ്രസ് ഇതര സര്‍ക്കാരെന്ന നീക്കം തകര്‍ത്തെന്നും ആരോപിച്ച് എച്ച്എസ്പിഡിപി പ്രതിഷേധിച്ചു. സത്യപ്രതിജ്ഞാ ചടങ്ങും ബഹിഷ്കരിച്ചു. സാങ്മയെ പിന്തുണച്ച യുഡിപി അധ്യക്ഷന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.
എന്‍പിപി -19, യുഡിപി -6, പിഡിഎഫ് -4, ബിജെപി -2, ഒരു സ്വതന്ത്രന്‍, എച്ച്എസ്പിഡിപി- 2 എന്ന നിലയില്‍ 34 സീറ്റിന്റെ ഭൂരിപക്ഷമാണ് സര്‍ക്കാര്‍ രൂപീകരണത്തിനായി ഉണ്ടായിരുന്നത്. ഇതില്‍ നിന്നും എച്ച്എസ്പിഡിപി പിന്‍വാങ്ങിയാലും സര്‍ക്കാര്‍ പ്രതിസന്ധിയിലാകില്ല.