ഒരേ ചോരയല്ലേ എന്തിന് വിവേചനം? ദലിതരെ അണിനിരത്തി 30കാരന്‍

Update: 2018-05-30 10:51 GMT
ഒരേ ചോരയല്ലേ എന്തിന് വിവേചനം? ദലിതരെ അണിനിരത്തി 30കാരന്‍
Advertising

ഭീം ആര്‍മി ഭാരത് ഏക്താ മിഷന്‍ എന്ന സംഘടന രൂപീകരിച്ചു. ഇന്ന് സഹരന്‍പൂരിലെ ദലിത് മുന്നേറ്റത്തെ മുന്നില്‍ നിന്നു നയിക്കുകയാണ് 30കാരനായ ചന്ദ്രശേഖര്‍

ആറ് വര്‍ഷം മുന്‍പ് രോഗബാധിതനായ അച്ഛന് ആശുപത്രിയില്‍ കൂട്ടിരിക്കുമ്പോഴാണ് ദലിതര്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് സഹരന്‍പൂരിലെ ചന്ദ്രശേഖര്‍ ബോധവാനാകുന്നത്. അന്നാണ് ഉന്നത വിദ്യാഭ്യാസത്തിന് അമേരിക്കയിലേക്ക് പോവേണ്ടെന്ന് അയാള്‍ തീരുമാനിച്ചത്. ജാതിവിവേചനത്തിനെതിരെ ആ യുവാവ് പോരാട്ടം തുടങ്ങി. ഭീം ആര്‍മി ഭാരത് ഏക്താ മിഷന്‍ എന്ന സംഘടന രൂപീകരിച്ചു. ഇന്ന് സഹരന്‍പൂരിലെ ദലിത് മുന്നേറ്റത്തെ മുന്നില്‍ നിന്നു നയിക്കുകയാണ് 30കാരനായ ചന്ദ്രശേഖര്‍.

ഇന്ന് ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ ആര്‍മി ഭാരത് ഏക്താ മിഷന്‍ പ്രവര്‍ത്തിക്കുന്നു. ആകെ 40000 അംഗങ്ങള്‍. എല്ലാവര്‍ക്കും ദലിതരുടെ വോട്ട് വേണം, പക്ഷേ ദലിതരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനോ പരിഹരിക്കാനോ ആരുമില്ലെന്ന് ചന്ദ്രശേഖര്‍ പറയുന്നു. അനീതിക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടാലും കാര്യമില്ല. ഒന്ന് കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറാവില്ല. അതുകൊണ്ടാണ് സ്വയം സംഘടിച്ച് ശക്തരാവാന്‍ തീരുമാനിച്ചതെന്ന് ചന്ദ്രശേഖര്‍ പറയുന്നു. അഭിമാനത്തോടെ തല ഉയര്‍ത്തി ജീവിക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സഹരന്‍പൂരില്‍ താക്കൂര്‍ വിഭാഗവുമായുള്ള സംഘര്‍ഷത്തിനിടെ ബസിന് പ്രവര്‍ത്തകര്‍ തീവെച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത്തരം അക്രമങ്ങളെ അപലപിക്കുന്നുവെന്നായിരുന്നു ചന്ദ്രശേഖറിന്‍റെ മറുപടി. നിയമവ്യവസ്ഥയ്ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല ഭീം ആര്‍മി ഭാരത് ഏക്താ മിഷന്‍. അംബേദ്കറിന്‍റെ ആശയങ്ങളാണ് സംഘടന പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. താക്ക‍ൂര്‍ - ദലിത് സംഘര്‍ഷത്തിന് പിന്നാലെ വാളുമേന്തി പ്രകടനം നടത്താന്‍ താക്കൂര്‍ വിഭാഗത്തിന് അനുമതി ലഭിച്ചപ്പോള്‍ സമാധാനപരമായ റാലി നടത്താന്‍ പോലും ദലിതര്‍ക്ക് അനുമതി ലഭിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാഭ്യാസം നേടിയാല്‍ മാത്രമേ ജാതിവിവേചനത്തിനെതിരെ പൊരുതാന്‍ കഴിയൂ എന്നാണ് ചന്ദ്രശേഖറിന് ദലിതരോട് പറയാനുളളത്. തൊഴില്‍ മേഖലകളില്‍ സവര്‍ണര്‍ക്കൊപ്പമെത്തുമ്പോഴേ തുല്യതയുണ്ടാവൂ. ഒരേ ചോരയല്ലേ പിന്നെന്തിനാണ് വിവേചനമെന്നും ചന്ദ്രശേഖര്‍ ചോദിക്കുന്നു.

Tags:    

Similar News