ഹജ്ജ് വിമാന യാത്രാനിരക്ക് വെട്ടിക്കുറച്ചു
ഹജ്ജ് സബ്സിഡി നിർത്തലാക്കിയതിന് തൊട്ടുപിന്നാലെയാണ് ഹജ്ജ് വിമാന യാത്രാനിരക്ക് കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്.
കേന്ദ്രസർക്കാർ ഹജ്ജ് വിമാന യാത്രാനിരക്ക് നിശ്ചയിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‍വിയാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ നിരക്കിന് ആനുപാതികമായാണ് വിമാന കമ്പനികള്‍ ടിക്കറ്റ് ചാര്‍ജ് നിശ്ചയിക്കുക.
ഹജ്ജ് സബ്സിഡി നിർത്തലാക്കിയതിന് തൊട്ടുപിന്നാലെയാണ് ഹജ്ജ് വിമാന യാത്രാനിരക്ക് കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്. ഇതുപ്രകാരം 18 ശതമാനം മുതൽ 45 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ കുറവുവരും. കോഴിക്കോട് നിന്നുള്ള ടിക്കറ്റിന് 2013 - 14 കാലയളവിലെ കണക്കനുസരിച്ച് ഒരു ലക്ഷത്തിന് മുകളിൽ നൽകേണ്ടിയിരുന്നിടത്ത് 74431 രൂപയാകും.
ഇന്ത്യയിലെ 21 വിമാനത്താവളങ്ങളിൽ നിന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ, സൗദി എയർലൈൻ, ഫ്ലൈനാസ് തുടങ്ങിയവയുടെ നിരക്കിലാണ് ഇളവ് വരുത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ പ്രത്യേക താൽപര്യപ്രകാരമാണ് തീരുമാനമെന്ന് മുക്താർ അബ്ബാസ് നഖ്‍വി അറിയിച്ചു. യുപിഎ കാലത്തുണ്ടായിരുന്ന സാമ്പത്തിക ചൂഷണത്തിന് ഇത് അറുതി വരുത്തുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം ഹജ്ജ് സബ്സിഡി കേന്ദ്രം നിർത്തലാക്കിയിരുന്നു. ഇത്തവണ 1.7 ലക്ഷം പേരാണ് ഹജ്ജ് തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.