ഉമര്‍ ഖാലിദിനും അനിര്‍ബനും ജെഎന്‍യുവില്‍ ഉജ്വല സ്വീകരണം

Update: 2018-05-31 03:53 GMT
Editor : admin
ഉമര്‍ ഖാലിദിനും അനിര്‍ബനും ജെഎന്‍യുവില്‍ ഉജ്വല സ്വീകരണം
Advertising

അഫ്‍സല്‍ ഗുരു അനുസ്മരണ പരിപാടിയുടെ പേരില്‍ ദേശദ്രോഹകുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ജെഎന്‍യുവിലെത്തി.

അഫ്‍സല്‍ ഗുരു അനുസ്മരണ പരിപാടിയുടെ പേരില്‍ ദേശദ്രോഹകുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ജെഎന്‍യുവിലെത്തി. വിദ്യാര്‍ഥി യൂണിയന്‍റെ നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്വീകരണം നല്‍കി. രാജ്യദ്രോഹകുറ്റത്തിന്‍റെ പേരില്‍ തന്നെ മാത്രമല്ല മുസ്‌ലിങ്ങളെ ഒന്നാകെയാണ് വിചാരണ ചെയ്തതെന്ന് ഉമര്‍ ഖാലിദ് പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവര്‍ക്ക് ചുമത്തിയ അതേ നിയമത്തിന്‍റെ പേരില്‍ ജയിലില്‍ പോയതില്‍ അഭിമാനിക്കുന്നുവെന്ന് അനിര്‍ബന്‍ ഭട്ടാചാര്യ പറഞ്ഞു.

രാത്രി 8 മണിയോടെയാണ് ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ക്യാമ്പസിലെത്തിയത്. താനിപ്പോള്‍ അനുഭവിക്കുന്ന വികാരം എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഉമര്‍ ഖാലിദ് പ്രസംഗം ആരംഭിച്ചത്. മാധ്യമവിചാരണയുടെ ഇരയാണ് താന്‍. ആദ്യം മുസ്‌ലിം തീവ്രവാദിയാക്കാന്‍ ശ്രമിച്ചു. പിന്നീട് മാവോയിസ്റ്റാക്കാനായിരുന്നു ശ്രമം. പൊലീസ് മാവോയിസ്റ്റ് മേഖലകളില്‍ തെരച്ചില്‍ നടത്തുമ്പോള്‍ ജെഎന്‍യു ക്യാമ്പസിലായിരുന്നു താന്‍. മുസ്‌ലങ്ങള്‍ രാജ്യസ്നേഹം പ്രകടിപ്പിക്കേണ്ട സമയമാണിതെന്നാണ് പറയുന്നത്. ശരിക്കും തന്നെയോ ജെഎന്‍യുവിലെയോ വിദ്യാര്‍ഥികളെയോ അല്ല അവര്‍ പ്രതികൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്തത്, മുസ്ലിം സമൂഹത്തെ ആകെയാണ് അവര്‍ ദേശവിരുദ്ധത ആരോപിച്ച് വിചാരണ ചെയ്തതെന്നും ഉമര്‍ ഖാലിദ് പറഞ്ഞു.

മുസ്ലിങ്ങളെയും ദലിതരെയും കൊന്നൊടുക്കുന്നതിനെക്കുറിച്ചും, സൈന്യം സ്ത്രീകളെ ബലാല്‍‍സംഗം ചെയ്യുന്നതിനെക്കുറിച്ചും അങ്ങനെ എല്ലാ അനീതികള്‍ക്കെതിരെയും ഞങ്ങള്‍ സംസാരിക്കുമെന്ന് അനിര്‍ബന്‍ ഭട്ടാചാര്യ പറഞ്ഞു. ഭാരത് മാതാ കീ ജയ് വിളിക്കണമെന്നു പറയുന്നതാണ് ദേശസ്നേഹമെങ്കില്‍ ഞങ്ങള്‍ ദേശദ്രോഹികളാണെന്നും അനിര്‍ബെന്‍ പറഞ്ഞു. ഉമര്‍ ഖാലിദിന്റെ കുഞ്ഞുപെങ്ങള്‍ സറ ഫാത്തിമയും ജെഎന്‍യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News