നാല് സ്ഥലത്ത് വോട്ടിങ് മെഷീനും വിവിപാറ്റും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഗുജറാത്തിലെ നാല് ബൂത്തുകളിലെ വോട്ടിങ് മെഷീനുകളും വിവിപാറ്റുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ബി സ്വെയ്ന്‍ സമ്മതിച്ചു.
ഗുജറാത്തിലെ നാല് ബൂത്തുകളിലെ വോട്ടിങ് മെഷീനുകളും വിവിപാറ്റുകളും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ബി സ്വെയ്ന്‍ സമ്മതിച്ചു. വോട്ടിങ് മെഷീന്‍ വിവിപാറ്റുമായി ഒത്തുനോക്കിയ 182 ബൂത്തുകളിലും 100 ശതമാനം ശരിയാണെന്നായിരുന്നു കമ്മീഷന്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് കമ്മീഷന്‍ പറഞ്ഞത് നാല് ബൂത്തുകളില്‍ പൊരുത്തക്കേട് കണ്ടെത്തി എന്നാണ്.
വാഗ്ര, ദ്വാരക, അങ്കലേശ്വര്‍, ഭവനഗര്‍ എന്നിവിടങ്ങളിലെ നാല് ബൂത്തുകളിലാണ് വോട്ടിങ് മെഷീന്‍ - വിവിപാറ്റ് പൊരുത്തക്കേട് കണ്ടെത്തിയത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകളില്‍ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷം വ്യാപക പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 182 ബൂത്തുകളില്‍ വിവിപാറ്റുകള്‍ കൂടി എണ്ണാന്‍ തീരുമാനിച്ചത്. നേരത്തെ 25 ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.
വോട്ടിങ് മെഷീനുകളില്‍ ബിജെപി ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന ഹര്‍ദിക് പട്ടേല്‍, സഞ്ജയ് നിരുപം തുടങ്ങിയവരുടെ ആരോപണങ്ങള്‍ ബലപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെളിപ്പെടുത്തല്‍. കേവലം 182 ബൂത്തുകളില്‍ നടന്ന പരിശോധനയില്‍ നാലിടത്ത് പൊരുത്തക്കേട് കണ്ടെത്തിയത് ഗൌരവമേറിയ വിഷയമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.