വോട്ടിംഗ് യന്ത്രം തരൂ, 72 മണിക്കൂറിനുള്ളില്‍ ഹാക്ക് ചെയ്ത് കാണിക്കാം: കെജ്‌രിവാള്‍
ഒരു വോട്ടിംഗ് യന്ത്രം തരൂ, 72 മണിക്കൂറിനുള്ളില്‍ ഹാക്ക് ചെയ്ത് കാണിച്ച് തരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അരവിന്ദ് കെജ്രിവാളിന്‍റെ വെല്ലുവിളി
ഒരു വോട്ടിംഗ് യന്ത്രം തരൂ, 72 മണിക്കൂറിനുള്ളില്‍ ഹാക്ക് ചെയ്ത് കാണിച്ച് തരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അരവിന്ദ് കെജ്രിവാളിന്‍റെ വെല്ലുവിളി. നിലവില്‍ ഉപയോഗിക്കുന്ന ഇവിഎം സോഫ്റ്റവെയറുകള്‍ ഏതാണെന്ന് രാജ്യത്തോട് വെളിപ്പെടുത്തണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. തോല്‍ക്കാന്‍ പോകുന്ന ഭാവി തെരഞ്ഞെടുപ്പുകളിലേക്കുള്ള കാരണം ഇപ്പോഴേ ഉന്നയിക്കുകയാണ് കെജ്രിവാളെന്ന് ബിജെപി പ്രതികരിച്ചു.
ഇവിഎം യന്ത്രങ്ങളെ കുറ്റപ്പെടുത്താതെ പഞ്ചാബ് തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെക്കുറിച്ച് ആത്മപരിശോധന നടത്തൂ എന്ന പ്രതികരണത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഇവിഎം യന്ത്രങ്ങള്‍ ഒരിക്കലും അട്ടിമറിക്കാനാകില്ലെന്ന തെറ്റായ ധാരണ ബോധപൂര്‍വ്വം സൃഷ്ടിക്കുകയാണ് കമ്മീഷന്‍ ചെയ്യുന്നത്. ഒരു ഇവിഎം യന്ത്രം തന്നാല്‍ 72 മണിക്കൂറിനുള്ളില്‍ അതിന്‍റെ സോഫ്റ്റ് വെയറുകള്‍ മാറ്റിയെഴുതി ഹാക്ക് ചെയ്ത് കാണിച്ച് തരാമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമവാഴ്ചയെ അപഹസിക്കുകയാണെന്നും ഇന്ത്യന്‍ ജനാധിപത്യം ഗുരുതരമായ അപകടത്തിലാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കെജ്രിവാളിനെതിരെ ബിജെപി രംഗത്തെത്തി. വരും ദിവസങ്ങളില്‍ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൂടുതല്‍ ശക്തമായി നീങ്ങാന്‍ തന്നെയാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.