ഗുജറാത്ത്, ഹിമാചല്‍ മുഖ്യമന്ത്രിമാര്‍: ബിജെപിയില്‍ ആശയക്കുഴപ്പം തുടരുന്നു
വിജയ് രൂപാനിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവരെയും ബിജെപി ദേശീയ നേതൃത്വം പരിഗണിക്കുന്നതായാണ് സൂചന
ഗുജറാത്ത് മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ബിജെപിയില്‍ ആശയക്കുഴപ്പം തുടരുന്നു. ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന പാര്‍ലമെന്‍ററി പാര്‍ട്ടിയോഗവും ബിജെപി നേതൃയോഗവും വിഷയം ചര്‍ച്ച ചെയ്തേക്കും. 25 ന് സത്യപ്രതിജ്ഞ നടന്നേക്കുമെന്നും സൂചനകളുണ്ട്.
വിജയ് രൂപാനിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവരെയും ബിജെപി ദേശീയ നേതൃത്വം പരിഗണിക്കുന്നതായാണ് സൂചന. നേതാക്കള്‍ക്കിടയിലെ ഐക്യം നിലനിര്‍ത്തുന്നതില്‍ വിജയിച്ചെങ്കിലും മുഖ്യമന്ത്രി വിജയ് രൂപാനിക്ക് ജനപ്രീതി കൈവരിക്കാനാകാത്തതാണ് ബിജെപി വിജയത്തിന്‍റെ നിറം കെടുത്തിയതെന്ന് പാര്‍ട്ടി കേന്ദ്രം വിലയിരുത്തിയിട്ടുണ്ട്. പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുന്ന പട്ടേല്‍ വിഭാഗത്തെ തെല്ലെങ്കിലും അനുനയിപ്പിക്കാന്‍ നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കുന്നത് സഹായിക്കുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സംസ്ഥാന നേതാക്കളില്‍ ഭൂരിഭാഗവും വിജയ് രൂപാനിക്കൊപ്പമാണ്. ഈ സാഹരചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കാനായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ കേരളത്തിലായിരുന്ന പ്രധാനമന്ത്രി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കും. രാവിലെ പാര്‍ലമെന്‍റിറി പാര്‍ട്ടി യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ വൈകീട്ട് ഉന്നതതല നേതൃയോഗവും നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുജറാത്തിന് പുറമെ ഹിമാചലിലും മുഖ്യമന്ത്രിക്കാര്യത്തില്‍ ബിജെപിയില്‍ ആശയക്കുഴപ്പം ശക്തമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേം കുമാര്‍ ദുമലിന് പുറമെ പാര്‍ട്ടി അധ്യക്ഷന്‍ സത്പാല്‍ സിങ് സതിയും തോറ്റതാണ് ബിജെപിക്ക് തലവേദന ആകുന്നത്.