അന്ന് 10000, 5000 രൂപ നോട്ടുകള്‍ അസാധുവാക്കി; എന്നിട്ടെന്തുണ്ടായി ?
ഇന്നലെ രാത്രിയാണ് ആ അപ്രതീക്ഷിത പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാകും.
ഇന്നലെ രാത്രിയാണ് ആ അപ്രതീക്ഷിത പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാകും. കേട്ടവരൊക്കെ അമ്പരന്നു. കൈവശമുള്ള നോട്ടുകള്‍ ഇനിയെന്ത് ചെയ്യുമെന്നായി ചോദ്യം. അതിനുള്ള പരിഹാരവും ആര്‍ബിഐ ഗവര്‍ണര്‍ നിര്‍ദേശിച്ചു. നോട്ടുകള്‍ അസാധുവാക്കാനുള്ള കാരണമായി മോദി ചൂണ്ടിക്കാട്ടിയത് കള്ളപ്പണവും കള്ളനോട്ടും അവസാനിപ്പിക്കുകയെന്നതായിരുന്നു. എന്നാല്‍ ഇതാദ്യമായല്ല, രാജ്യത്ത് നോട്ടുകള്‍ അസാധുവാക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യത്ത് വിനിമയത്തിനായി ഉപയോഗിച്ചിരുന്ന 5000, 10000 രൂപ നോട്ടുകള്‍ പിന്‍വലിച്ചപ്പോഴും അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് ഇതേ കാരണങ്ങളൊക്കെ തന്നെയായിരുന്നു. എന്നിട്ട് കള്ളപ്പണവും കള്ളനോട്ടും നിയന്ത്രിക്കാന്‍ കഴിഞ്ഞോ ? തുടര്‍ന്നും ഗംഭീരമായി തന്നെ കള്ളനോട്ടും കള്ളപ്പണവും പെരുകി.
ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുമ്പ് 1938 ലാണ് പതിനായിരം രൂപയുടെ കറന്‍സി ആര്‍ബിഐ പുറത്തിറക്കുന്നത്. 1946 ല്‍ അസാധുവാക്കിയ ശേഷം 1954 ല്‍ പോയതു പോലെ തിരിച്ചെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് 1978 വരെ 10000 രൂപയുടെ നോട്ടുകള്‍ വിപണിയിലുണ്ടായിരുന്നു. 5000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയും 1954 ലായിരുന്നു. ഇവ രണ്ടും 1978 ലാണ് പിന്‍വലിച്ചത്. അടിയന്തരാവസ്ഥയ്ക്കു ശേഷം നിലവില്‍ വന്ന മൊറാര്‍ജി ദേശായി നേതൃത്വം നല്‍കിയ ജനതാ പാര്‍ട്ടിയുടെ സര്‍ക്കാരാണ് ഈ നിര്‍ണായക തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ മൊറാര്‍ജിയുടെ പിന്‍ഗാമിയായാണ് മോദി എത്തുന്നതും. പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന ന്യായീകരണവുമായാണ് 1987 ല്‍ 500 രൂപ നോട്ടും 2000 ത്തില്‍ ആയിരം രൂപ നോട്ടും പുറത്തിറക്കിയത്. ഇപ്പോള്‍ ആദ്യമായാണ് രാജ്യത്ത് 2000 രൂപയുടെ നോട്ട് അവതരിപ്പിക്കുന്നത്.
മാര്‍ച്ച് 2016ല്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തെ കണക്കനുസരിച്ച് 16,41,500 ലക്ഷം കോടി രൂപയുടെ ബാങ്ക് നോട്ടുകളാണ് ഇന്ത്യയില്‍ സര്‍ക്കുലേഷനിലുള്ളത്. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14.9 ശതമാനം വര്‍ധനയാണിത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാത്രമാണ് സര്‍ക്കുലേഷനിലുള്ള കറന്‍സിയുടെ 86.4 ശതമാനവും. ഇതേസമയം, ഇന്ത്യയിലെ കള്ളപ്പണത്തിന്റെ കണക്കുകള്‍ നൂറു ബില്യനുമപ്പുറം വരും. എന്നാല്‍ നികുതിയിളവുള്ള രാജ്യങ്ങളിലെ നിക്ഷേപം കള്ളപ്പണത്തിന്റെ രൂപത്തില്‍ 180 ബില്യണ്‍ ഡോളറിലേറെയാണ്. ഇതുകൂടാതെ കള്ളപ്പണം സുരക്ഷിതമാക്കാനുള്ള റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, നികുതിയിളവുള്ള സാമ്പത്തിക മേഖലകള്‍ എന്നിവടങ്ങളിലെ നിക്ഷേപങ്ങളുമുണ്ടാകും. കള്ളനോട്ടിനെ കുറച്ച് കാലത്തേക്കെങ്കിലും പിടിച്ചുകെട്ടാന്‍ കഴിയുമെങ്കിലും കള്ളപ്പണം പുറത്തുകൊണ്ടുവരാനോ ഇല്ലാതാക്കാനോ മോദിയുടെ ഈ തീരുമാനം കൊണ്ട് കഴിയില്ലെന്നാണ് ചില നിരീക്ഷണങ്ങള്‍.