സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയെ മാറ്റി; നടപടി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ
കേസിലെ സിബിഐ അന്വേഷണത്തെ നിരന്തരം വിമര്‍ശിച്ചിരുന്ന ജസ്റ്റിസ് രേവതി മോഹിത് ദരേയെ മാറ്റിയതില്‍ സംശയങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി
സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പുനപരിശോധന ഹരജികള്‍ പരിഗണിച്ചിരുന്ന ബോംബൈ ഹൈകോടതി ജഡ്ജിയെ കേസില്‍ നിന്നും മാറ്റിയത് വിവാദമാകുന്നു. കേസിലെ സിബിഐ അന്വേഷണത്തെ നിരന്തരം വിമര്‍ശിച്ചിരുന്ന ജസ്റ്റിസ് രേവതി മോഹിത് ദരേയെ മാറ്റിയതില്‍ സംശയങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ജഡ്ജി മാറ്റത്തെ ചോദ്യംചെയ്തു.
സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട, അഞ്ച് പുനപരിശോധന ഹരജികളിലാണ് ജസ്റ്റിസ് രേവതി മോഹിത് ദരെ വാദം കേട്ടിരുന്നത്. മൂന്ന് മാസമായി ഈ കേസ് പരിഗണിച്ച ജസ്റ്റിസ് രേവതി കഴിഞ്ഞ ആഴ്ച മുതല്‍ തുടര്‍ച്ചയായി വാദം കേട്ടുവരികയായിരുന്നു. വ്യക്തത ഇല്ലാത്ത അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതടക്കം കേസില്‍ സിബിഐ സ്വീകരിച്ച സംശയാസ്പദമായ നിലപാടുകളെ ജസ്റ്റിസ് രേവതി പല തവണ വിമര്‍ശിച്ചിരുന്നു. പുറമെ സൊഹ്റാബുദ്ദീന്‍ കേസിലെ വിചാരണ നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ കീഴ്കോടതി മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് നീക്കിയതും ജസ്റ്റിസ് രേവതിയായിരുന്നു.
ഈ സാഹചര്യത്തിലാണ് ജഡ്ജിയെ മാറ്റിയതില്‍ സംശയം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. "സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മറ്റൊരു ജഡ്ജി കൂടി ഇരയായിരിക്കുന്നു. പ്രതിയായിരുന്ന അമിത് ഷായോട് നേരിട്ട് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച ജസ്റ്റിസ് ജെ ടി ഉത്പതിനെ മാറ്റി. ഇപ്പോള്‍ ജസ്റ്റിസ് രേവതിയെയും മാറ്റി. കേസില്‍ ഗുരുതര സംശയങ്ങള്‍ ഉന്നയിച്ച ജഡ്ജി ലോയ മരിച്ചു. ഇതെങ്ങനെ?" എന്നാണ് രാഹുലിന്‍റെ ട്വീറ്റ്.
ഹൈകോടതികളിലെ ഇത്തരം ജഡ്ജിമാറ്റം പതിവ് നടപടിയാണെങ്കിലും ഒരു കേസില്‍ തുടര്‍വാദം കേള്‍ക്കുന്ന ജഡ്ജിയെ മാറ്റുന്ന പതിവില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സിബിഐ ജഡ്ജി ലോയയുടെ മരണത്തില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.