''ഞാന്‍ ദൃക്‍സാക്ഷിയല്ല; മകന്റെ കൊലപാതകത്തിന് കാരണക്കാരെന്ന് സംശയിച്ച് ആരുടെയും പേര് പറയില്ല''
മകന്റെ കൊലപാതകത്തിന് താന്‍ ദൃക്സാക്ഷിയല്ലെന്നും അതുകൊണ്ടുതന്നെ കാരണക്കാരെന്ന് സംശയിച്ച് ഒരാളുടെ പേരുപോലും താന്‍ പറയില്ലെന്നും പറയുന്നു പശ്ചിമ ബംഗാളില്‍ രാം നവമി ആഘോഷങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പതിനാറുകാരന്റെ പിതാവ് മൌലാന ഇംദാദുല്‍ റാഷിദി
പശ്ചിമ ബംഗാളില്‍ രാം നവമി ആഘോഷങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തന്റെ പതിനാറുകാരനായ മകനെ നഷ്ടപ്പെട്ട പിതാവ് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ജനങ്ങളോട് അപേക്ഷിച്ച വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. തന്റെ മകന്റെ കൊലപാതകത്തിന്റെ പേരില്‍ നാട്ടില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ പള്ളിയും നാടും ഉപേക്ഷിച്ച് താന്‍ പോകുമെന്നായിരുന്നു ഇമാമായ മൌലാന ഇംദാദുല്‍ റാഷിദി പറഞ്ഞത്. മകന്റെ കൊലപാതകത്തിന് താന്‍ ദൃക്സാക്ഷിയല്ലെന്നും അതുകൊണ്ടുതന്നെ കാരണക്കാരെന്ന സംശയത്തില്‍ മാത്രം ഒരാളുടെ പേരുപോലും താന്‍ പറയില്ലെന്നും പറയുന്നു അദ്ദേഹം. മകന്റെ കൊലയാളികളെ പിടിക്കാനുള്ള അന്വേഷണത്തോട് അദ്ദേഹം നിസ്സഹകരിക്കുന്നു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കുള്ള വിശദീകരണം നല്‍കുകയായിരുന്നു ഇമാം.
''എന്റെ മകന്റെ കൊലപാതകത്തിന് ഞാന്‍ ദൃക്സാക്ഷിയല്ല. കലാപം പൊട്ടിപ്പുറപ്പെട്ട ഉടനെയാണ് അവനെ കാണാതാകുന്നത്. ഉടനെ ഞാന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. നാലു ദിവസത്തിന് ശേഷം അവന്റെ മൃതശരീരം തിരിച്ചറിഞ്ഞശേഷം പൊലീസ് കൊലപാതകത്തിന് കേസെടുത്തു.''-ഇമാം പറയുന്നു.
''എന്റെ മകന്റെ മരണത്തിന് ഞാന്‍ ഒരു ദൃക്‍സാക്ഷിയല്ലാത്തിടത്തോളം കാലം, സംശയമുണ്ടെന്ന് പറഞ്ഞ് ഒരാളുടെ പേരുപോലും പറയില്ലെന്നു തന്നെയാണ് എന്റെ തീരുമാനം. നിരപരാധികളെ ബുദ്ധിമുട്ടിലാക്കാന്‍ എനിക്ക് താത്പര്യമില്ല. പൊലീസ് അന്വേഷിക്കട്ടെ.. കുറ്റക്കാര്‍ ആരാണെന്ന് അവര്‍ കണ്ടുപിടിക്കട്ടെ..''. ആ പിതാവ് പറയുന്നു.
''ജനങ്ങള്‍ക്ക് തന്റെ നിലപാടില്‍ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. ഞാന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് അവര്‍ കരുതുന്നത്. ആരും എന്തും ചിന്തിച്ചുകൊള്ളട്ടേ.. എന്റെ നിലപാട് നീതിയുടേതാണ്.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം പത്താംക്ലാസ് പരീക്ഷ എഴുതിയ സിബ്തുള്ള റാശിദിയെന്ന പതിനാറുകാരനായ മകനെയാണ് മൌലാന ഇംദാദുല്‍ റാഷിദിക്ക് സംഘര്‍ഷത്തില്‍ നഷ്ടപ്പെട്ടത്. സിബ്തുള്ളയുടെ മരണാനന്തരചടങ്ങുകള്‍ക്കായി ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനായി ഇമാം അപേക്ഷിച്ചത്.
''എനിക്ക് സമാധാനമാണ് വേണ്ടത്. എന്റെ മകനെ എനിക്ക് നഷ്ടമായി. ഇനി ഒരു കുടുംബത്തിനും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാന്‍ പാടില്ല. ഒരു വീടുകളും കത്തിയെരിയാന്‍ പാടില്ല. അങ്ങനെയെന്തെങ്കിലും ഇനി സംഭവിക്കുകയാണെങ്കില്‍ ഞാന്‍ ഈ പള്ളിയും നാടും ഉപേക്ഷിച്ച് പോകും. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍, ഇവിടെ നിങ്ങള്‍ ചെറുവിരല്‍ പോലും ഉയര്‍ത്താന്‍ പാടില്ല...'' നൂരാനി പള്ളിയിലെ ഇമാമായ റാഷിദിക്ക് ജനക്കൂട്ടത്തോടുള്ള അഭ്യര്‍ത്ഥന അതൊന്ന് മാത്രമായിരുന്നു.
''എനിക്ക് എന്റെ മകനെ നഷ്ടമായി. പക്ഷേ അതൊരിക്കലും ജനങ്ങളുടെ സമാധാനം നഷ്ടമാകാനോ, രണ്ട് സമുദായങ്ങള്‍ പരസ്പരം കൊല്ലാനോ ഉള്ള കാരണമാകരുത്. അല്ലാഹുവിനെ പേടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആരും പ്രതികാരം ചെയ്യുകയില്ല. ക്ഷമയാണ് ഇസ്‍ലാം പഠിപ്പിക്കുന്നത്. '' മൌലാന ഇംദാദുല്‍ റാഷിദി പറയുന്നു
ബിജെപി എംപിമാരുടെ സംഘം തന്റെ നാട് സന്ദര്‍ശിക്കാതെ പോയതിലും അദ്ദേഹത്തിന് പരാതിയില്ല. ''ഇവിടെ വരണമേ വേണ്ടയോ എന്നത് അവരുടെ ഇഷ്ടമാണ്. എന്നെ കാണാനായി ആരെങ്കിലും വരികയാണെങ്കില്‍ ഞാന്‍ അവരെയും കാണും. പക്ഷേ അതിന്റെ പേരില്‍ ആരെയും രാഷ്ട്രീയപരമായ നേട്ടമുണ്ടാക്കാന്‍ ഞാനനുവദിക്കുകയില്ല.'' ആസന്‍സോളിലെ ഡെപ്യൂട്ടി മേയറല്ലാതെ, സംഭവത്തിന് ശേഷം ത്രിണമൂല്‍ കോണ്‍ഗ്രസുകാരാരും തന്നെ ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം പറയുന്നു.
എന്തായാലും ഈ പിതാവിന്റെ അപേക്ഷ, പ്രദേശത്തെ ജനങ്ങള്‍ ഇരുകയ്യും മനസും നീട്ടിയാണ് സ്വീകരിച്ചത്. പ്രദേശത്തെ ഹിന്ദു കുടുംബങ്ങളുടെ ജീവനും സ്വത്തിനും കാവല്‍ നില്‍ക്കുയായിരുന്നു പ്രദേശത്തെ മുസ്‍ലിം ജനത. ഹിന്ദുമത വിശ്വാസികളായ ഒരാളുടെ വീടോ, ഷോപ്പോ, അമ്പലങ്ങളോ ഒന്നും ആക്രമിക്കപ്പെട്ടില്ല. പുറത്തുനിന്ന് ആരും വന്ന് ആക്രമിക്കാതിരിക്കാനായിരുന്നു മുസ്‍ലിം ചെറുപ്പക്കാരുടെ ഈ കാവല്‍.